യൂറോ ചാംപ്യന്‍മാരെ തറപറ്റിച്ച് അര്‍ജന്റീന

Argentina Entertainment Headlines Sports

ലോക ഫുട്‌ബോളിലെ ശക്തികേന്ദ്രങ്ങളായ യൂറോപ്പിലെയും, ലാറ്റിനമേരിക്കയിലെയും ഏറ്റവും കരുത്തരായ ടീമുകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ വിജയം അര്‍ജന്റീനയ്‌ക്കൊപ്പം. ചാംപ്യന്‍മാരുടെ കപ്പിനായുള്ള ഫൈനലിസിമ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലിയെ അര്‍ജന്റീന തറപറ്റിച്ചത്.

മത്സരത്തിൻറെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിൻറെ ലീഡ് നേടിയ അര്‍ജന്റീന അസൂറികളെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടുകയായിരുന്നു. ഇരുപത്തി ഏഴാം മിനിറ്റില്‍ ലോത്താരോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. നായകന്‍ മെസി ഒരുക്കി നല്‍കിയ ഒരു ലോ ക്രോസിനെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മാര്‍ട്ടിനസ് വലയിലാക്കി. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു അസൂറികളുടെ നെഞ്ച് പിളര്‍ന്നുകൊണ്ട് ഡി മരിയയിലൂടെ അര്‍ജന്റീന രണ്ടാമതും ലക്ഷ്യം കണ്ടത്. മാര്‍ട്ടീനസ് നല്‍കിയ മനോഹരമായ ഒരു പാസിനെ ഒരു ചിപ്പിങ് ഷോട്ടിലൂടെ ഡി മരിയ ഗോളാക്കി മാറ്റി.

മത്സരം തങ്ങളുടെ വരുതിയിലായതോടെ പന്ത് കീപ്പ് ചെയ്ത് കൂടുതല്‍ ആത്മവിശ്വാസത്തോട കളിക്കുന്ന അര്‍ജന്റീനയെയായിരുന്നു രണ്ടാം പകുതിയില്‍ കണ്ടത്. നിരന്തരം ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ദൊണ്ണരുമ്മയെ പരീക്ഷിച്ച മെസിയും കൂട്ടരും ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍മാക്ക് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ അവസരവും നല്‍കിയില്ല.

മത്സരം അര്‍ജന്റീന ജയിച്ചു എന്ന അവസ്ഥയില്‍ ഇറ്റലിയുടെ പെട്ടിയിലെ അവസാന ആണിയെന്ന രീതിയില്‍ മറ്റൊരു ഗോള്‍ കൂടെ പിറന്നു. മത്സരത്തിൻറെ 90 ാം മിനിറ്റില്‍ പകരക്കാരനായ ഡിബാലയിലൂടെയായിരുന്നു ഗോള്‍. ഈ ഗോളിന് വഴിതുറന്നതും മെസി തന്നെയായിരുന്നു. കളം നിറഞ്ഞു കളിക്കുന്ന നായകന്‍ മെസിയെയായിരുന്നു ഇന്നലെ നടന്ന മത്സരത്തില്‍ കണ്ടത്. രണ്ട് ഗോളുകള്‍ക്ക് വഴി തുറന്ന മെസി തന്നെയാണ് കളിയിലെ താരവും.

മറുപക്ഷത്ത് ഇറ്റാലിയന്‍ നായകന്‍ കെല്ലിനിയുടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ ഒരു കപ്പ് നേട്ടത്തോടെ അവസാനിപ്പിക്കാനുളള മോഹങ്ങള്‍ക്കാണ് ഇന്നലത്തെ പരാജയം തിരിച്ചടിയായത്. ഖത്തര്‍ ലോകകപ്പിലെ യോഗ്യത നഷ്ടമായതിൻറെ നാണക്കേടുകളില്‍ നിന്നുള്ള മുക്തിയും ഇറ്റാലിയന്‍ സംഘം ഈ മത്സരത്തില്‍ ലക്ഷ്യം വച്ചിരുന്നു. ഇറ്റലിയെ അപേക്ഷിച്ച് അര്‍ജന്റീന മികച്ച ഫോമിലായിരുന്നു എന്ന് അംഗീകരിക്കുന്നതായും, ഇറ്റാലിയന്‍ ടീമിന് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്നും മത്സരശേഷം കെല്ലിനി പ്രതികരിച്ചു. ഒരു വര്‍ഷത്തിന് മുന്‍പ് വലിയ സന്തോഷം നല്‍കിയ വെംബ്ലിയില്‍ വച്ച് അഭിമാനത്തോടെയാണ് കരിയര്‍ അവസാനിപ്പിക്കുന്നതെന്നും താരം പറഞ്ഞു.