ലോകകപ്പില്‍ നിന്ന് റഷ്യന്‍ ടീമിനെ പുറത്താക്കി

Breaking News International Russia Sports

ഖത്തര്‍ : ഉക്രെയ്ന്‍ ആക്രമണത്തിൻറെ പ്രത്യാഘാതങ്ങള്‍ റഷ്യയുടെ കായിക മേഖലയിലേയ്ക്കും. 2022 ലോകകപ്പില്‍ നിന്ന് റഷ്യന്‍ ടീമിനെ പുറത്താക്കിയതായി ഫിഫ-യുവേഫ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തിൻറെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നും റഷ്യന്‍ ടീമുകളെ സസ്പെന്‍ഡ് ചെയ്തതായി സംയുക്ത പ്രസ്താവന പറയുന്നു.

മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന എതിര്‍ ടീമുകളുടെ ഭീഷണിയെ തുടര്‍ന്നാണ് ടീമിനെതിരെ നടപടി വന്നത്. റഷ്യന്‍ ടീമുകളെ ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ കളിക്കാന്‍ അനുവദിച്ചും റഷ്യന്‍ പതാകയും ദേശീയഗാനവും നിരോധിക്കാനും ഫിഫ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നടപടികള്‍ തികച്ചും അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി പോളണ്ട് എഫ്എ പ്രസിഡന്റ് സെസാരി കുലെസ്സ അടക്കം രംഗത്തുവന്നു. തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ പുറത്താക്കിക്കൊണ്ട് ഫിഫ തീരുമാനം വന്നത്.

ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പിനായുള്ള യോഗ്യതാ പ്ലേ ഓഫില്‍ മാര്‍ച്ചില്‍ പുരുഷ ടീം കളിക്കേണ്ടതായിരുന്നു. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേയ്ക്ക് വനിതാ ടീമും യോഗ്യത നേടിയിരുന്നു. യൂറോപ്യന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന റഷ്യന്‍ ക്ലബ്ബുകളെയും പ്രഖ്യാപനം ബാധിക്കും.