പ്രശസ്ത നൃത്തസംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു

Latest News Movies Obituary TamilNadu

ചെന്നൈ : പ്രശസ്ത നൃത്തസംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

1996ൽ കാതൽ ദേശം എന്ന ചിത്രത്തിലൂടെയാണ് കൂൾ ജയന്ത് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.കാതൽ ദേശം എന്ന ചിത്രത്തിലെ ഓ..മരിയ ,മുസ്തഫ മുസ്തഫ, കോളേജ് റോഡ് പാട്ടുകൾക്ക് നൃത്തം ചെയ്ത് ആദ്യ ചിത്രത്തിലൂടെ നൃത്തസംവിധായകൻ കൂൾ ജയന്ത് നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം നിരവധി സിനിമകളിൽ നൃത്തസംവിധായകനായി പ്രവർത്തിച്ചു. തമിഴിലെ പ്രശസ്തരായ അഭിനേതാക്കളുടെയും സംവിധായകരുടെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ഇതുവരെ 500ൽ അധികം സിനിമകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ അദ്ദേഹം തമിഴ് സിനിമകളേക്കാൾ കൂടുതൽ നൃത്തസംവിധാനം ചെയ്‌തിരിക്കുന്നത്‌ മലയാള സിനിമകൾക്കായിരുന്നു. മലയാളത്തിൽ ബാംബു ബോയ്സ്, മയിലാട്ടം, കല്യാണകുറിമാനം, മായാവി, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, എബ്രഹാം ലിങ്കൺ, ഗൃഹനാഥൻ, 101 വെഡ്ഡിങ്സ്, ഏഴാം സൂര്യൻ, ലക്കി സ്റ്റാ‍ർ, കൊന്തയും പൂണൂലും, നല്ല വിശേഷം, എന്റെ മഴ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുമുണ്ട് ഇദ്ദേഹം.

അദ്ദേഹം മലയാളത്തിൽ അവസാനമായി നൃത്തസംവിധാനം ചെയ്തത് ആൻമെയ് ക്രീയേഷന്സിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മാണവും സുനിൽ സുബ്രമണ്യൻ സംവിധാനം ചെയ്ത “എന്റെ മഴ” എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

വൈകുന്നേരം 4 മണിക്കാണ് അദേഹത്തിന്റെ സംസ്‌കാരം.  കൂൾ ജയന്തിൻറെ നിര്യാണത്തിൽ സിനിമാ മേഖലയിലെ പലരും അഗാധമായ അനുശോചനം രേഖപ്പെടുത്തി.