ബ്രസല്‍സ് : റഷ്യയുടെ ഉക്രെയ്ന് അധിനിവേശത്തില്‍ യൂറോപ്യന്‍ യൂണിയന് ശക്തമായി പ്രതികരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന്.
ബ്രസല്‍സില്‍ സംസാരിക്കുകയായിരുന്നു മിഹോള്‍ മാര്ട്ടിന്. ഈയാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന് തലവന്മാരുടെ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.
സൈബര്‍ സുരക്ഷാ ഭീഷണിയടക്കമുള്ള ഏതു വെല്ലുവിളിയും നേരിടും. എല്ലാ മുന്കരുതലുമെടുക്കാനുള്ള സംവിധാനങ്ങള്‍ സുസജ്ജമാണ്. എങ്ങനെ എവിടെ നിന്ന് വരുന്ന വെല്ലുവിളിയും ഒന്നിച്ചു നേരിടും. ഇക്കാര്യത്തില്‍ തനിക്കും മറ്റുള്ളവര്‍ക്കും ഒരേ അഭിപ്രായമാണ്. ഒരേ ആശങ്കയാണ് യൂണിയന് അംഗങ്ങള്‍ പങ്കിടുന്നത്. അദ്ദേഹം പ്രസ്താവിച്ചു.
അതേസമയം, ഉക്രെയ്ൻറെ ഉത്തമ താല്പര്യങ്ങള് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലേക്ക് സാധാരണക്കാരെ ഒഴിപ്പിച്ചു മാറ്റാന്‍ ഉക്രെയ്നിയന് വിഘടനവാദികള്‍ ശ്രമിക്കുന്നെന്ന അഭ്യൂഹം പടരുന്ന പശ്ചാത്തലത്തിലാണ് മിഹോള്‍ മാര്‍ട്ടിൻറെ ശക്തമായ അഭിപ്രായം.
സംവാദവും നയതന്ത്രവും ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു വേണ്ടത്. യുദ്ധം ആര്‍ക്കും താല്പര്യമുള്ള കാര്യമല്ല. ഇപ്പോഴത്തെ ശക്തിപ്രകടനം അനവസരത്തിലുള്ളതും അനാവശ്യവുമാണ്. സേനാവിന്യാസം കുറയ്ക്കലാണ് ഉടന്‍ ചെയ്യേണ്ടത് – അദ്ദേഹം പറഞ്ഞു.