മോസ്കോ: ഉക്രൈന് അതിര്‍ത്തിയില്‍ നിന്നും സൈനിക ട്രൂപ്പുകളെ പിന്‍വലിക്കാന്‍ ആരംഭിച്ച് റഷ്യ. സതേണ്‍ മിലിട്ടറി ഡിസ്ട്രിക് കമാന്‍ഡാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതേത്തുടര്‍ന്ന്, ഉക്രൈൻറെ അതിര്‍ത്തി പ്രദേശങ്ങളായ ക്രിമിയ, റോസ്റ്റോവ് ഒബ്ലാസ്റ്റ് എന്നീ മേഖലകളില്‍ നിന്നും അധികാരികള്‍ സൈന്യത്തെ വന്‍തോതില്‍ പിന്‍വലിച്ചു തുടങ്ങി. ഏതാണ്ട് 10,000 പേരടങ്ങുന്ന സൈനിക ട്രൂപ്പുകള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു.
മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനു ശേഷമാണ് റഷ്യ, ഉക്രൈന് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായത്. സൈനിക വിന്യാസത്തെ തുടര്‍ന്ന് യു.എസ് നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയനിലെ പ്രബല രാഷ്ട്രങ്ങളെല്ലാം റഷ്യക്കെതിരെ തിരിഞ്ഞിരുന്നു. ഉക്രൈന് ആക്രമിച്ചു കീഴടക്കിയാല്‍, തങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും, റഷ്യയ്ക്കെതിരെ സൈനിക സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ടുവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
2014-ല്‍, ഉക്രൈൻറെ പ്രദേശമായ ക്രിമിയ, റഷ്യ ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നു. അന്ന് നിഷ്ക്രിയമായി നിന്നപോലെയാവില്ല, ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന് റഷ്യയ്ക്കു താക്കീതു നല്‍കിയതാണ് ഈ വീണ്ടുവിചാരത്തിന് കാരണം.