ബ്രസല്‍സ് : റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനം. വോട്ടെടുപ്പിലൂടെയാണ് പാര്‍ലമെന്റ് ഇക്കാര്യത്തില്‍ വിധി കല്‍പ്പിച്ചത്. ഇതു പ്രാവര്‍ത്തികമാകുമ്പോള്‍ റഷ്യയില്‍ നിന്നുള്ള ഓയില്‍, ഗ്യാസ്, കല്‍ക്കരി, ആണവ ഇന്ധനം എന്നിവയുടെ ഇറക്കുമതി പൂര്‍ണമായും നിലയ്ക്കും. ഇതു സംബന്ധിച്ച പ്രമേയത്തെ 413 എംഇപിമാര്‍ അനുകൂലിച്ചു. 93 പേര്‍ എതിരായും വോട്ടു ചെയ്തു. 46 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഫോസില്‍ ഇന്ധനങ്ങള്‍, സ്റ്റീല്‍, എന്നിവയുടെ ഇറക്കുമതി ഉള്‍പ്പെടെ ഉക്രൈയ്‌നിനെതിരായ യുദ്ധത്തെ സാമ്പത്തികമായി സഹായിക്കുന്നതൊന്നും ഇയുവില്‍ നിന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇറക്കുമതി നിരോധന നടപടികള്‍ കൊണ്ടുവരുന്നത് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും പ്രമേയം കമ്മീഷനോട് ആവശ്യപ്പെട്ടു.
റഷ്യയുമായുള്ള വജ്ര വ്യാപാരവും യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ പബ്ലിക് പ്രോക്യുവര്‍മെന്റില്‍ റഷ്യന്‍ കമ്പനികളുടെ പങ്കാളിത്തം നിരോധിക്കണമെന്നും പ്രമേയം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.
കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉപരോധ പാക്കേജില്‍ പ്രതിവര്‍ഷം 4 ബില്യണ്‍ യൂറോയുടെ റഷ്യയില്‍ നിന്നുള്ള കല്‍ക്കരി നിരോധനം, നാല് റഷ്യന്‍ ബാങ്കുകള്‍ക്കുള്ള സമ്പൂര്‍ണ ഇടപാട് നിരോധനം, റഷ്യന്‍ കപ്പലുകള്‍ക്കും റഷ്യന്‍ ഓപ്പറേറ്റഡ് കപ്പലുകള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ബലേറഷ്യന്‍ റോഡ് ഗതാഗത നിരോധനം എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്.
യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ സ്പ്രിംഗ് ഉച്ചകോടിയുടെ മുന്നോടിയായി നടന്ന പ്ലീനറി സെഷനിലെ ചര്‍ച്ചകളെ തുടര്‍ന്നാണ് വോട്ടെടുപ്പുണ്ടായത്. ഇയു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോള്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ പ്രതിനിധി ജോസെപ് ബോറെല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഉപരോധം മറികടക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കണം. കൂടുതല്‍ ശക്തമായ ഉപരോധങ്ങളുമായി മുന്നോട്ട് പോകണമെന്ന് ഇയു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോള്‍ പറഞ്ഞു.