യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Business Europe Headlines India Tourism

കോപ്പന്‍ഹേഗന്‍ : യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപം നടത്താത്തവര്‍ക്ക് വലിയ നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോപ്പന്‍ഹേഗനില്‍ സംഘടിപ്പിച്ച ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ നിക്ഷേപത്തിൻറെ ലക്ഷ്യ സാദ്ധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ഡെന്‍മാര്‍ക്കില്‍ സംസാരിച്ചത്.

ഇന്ത്യയുടെ നിക്ഷേപ അവസരങ്ങള്‍ നോക്കുമ്പോള്‍ രാജ്യത്ത് നിക്ഷേപം നടത്താത്തവര്‍ക്ക് അത് വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. ഡാനിഷ് കമ്പനികള്‍ക്കും ഡാനിഷ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലിയിലും ഹരിത വ്യവസായങ്ങളിലും ധാരാളം നിക്ഷേപ അവസരങ്ങളുണ്ട്. 200ല്‍ അധികം ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍, ഡെന്‍മാര്‍ക്ക് കിരീടാവകാശി എന്നിവര്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യകള്‍, ശീതീകരണ ശൃംഖലകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, ഷിപ്പിംഗ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഡാനിഷ് കമ്പനികളെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ഇന്ത്യയ്ക്കും ഡെന്‍മാര്‍ക്കിനും ഇടയില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ബിസിനസ് സമൂഹത്തിന്‍ൻറെ പങ്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ എടുത്തു പറഞ്ഞു. ഹരിത സാങ്കേതിക വിദ്യ, ഡിജിറ്റൈസേഷന്‍, ഊര്‍ജ സ്വാതന്ത്ര്യവും പുനരുപയോഗ ഊര്‍ജവും, ജലം, പരിസ്ഥിതി, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായികളുടെ പങ്കാളിത്തം പരിപാടിയില്‍ ഉണ്ടായിരുന്നു.