പാരീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം ഉറപ്പിക്കാനും വേണ്ടിയുളള ചര്‍ച്ചകള്‍ നടക്കും. ഉക്രെയ്ന്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രിയുടെ യൂറോപ്പ് പര്യടനവും ഇന്ന് അവസാനിക്കും.
യൂറോപ്പ് പര്യടനത്തിൻറെ ഭാഗമായി ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വ്യാപാരം, ഊര്‍ജം, ഹരിത സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ബന്ധം വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിൻറെ ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ സമൂഹം വന്‍ വരവേല്‍പ്പാണ് മോദിക്ക് ഒരുക്കിയത്.
ഡെന്‍മാര്‍ക്കിലെത്തിയ നരേന്ദ്ര മോദി, ഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെന്മാര്‍ക്കുമായുള്ള ഇന്ത്യയുടെ ‘ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിൻറെ ’ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. റഷ്യ-ഉക്രെയ്ന്‍ പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ ചാന്‍സലര്‍ സ്‌കോള്‍സുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.