ഫേയ്സ് മാസ്‌കില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്കുള്ള വിമാന യാത്രികര്‍ക്ക് മോചനം

Covid Europe Headlines Health Tourism

ബ്രസല്‍സ് : കോവിഡ് സുരക്ഷയുടെ ഭാഗമായി ജീവിതത്തിൻറെ ഭാഗമായി മാറിയ ഫേയ്സ് മാസ്‌കില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ വിമാന യാത്രികര്‍ക്ക് മോചനം. ഫ്ളൈറ്റുകളിലും എയര്‍പോര്‍ട്ടുകളിലും മേയ് 16 മുതല്‍ ഫേയ്‌സ് മാസ്‌ക് നിര്‍ബന്ധിതമല്ലാതാവുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി, (ഇഎഎസ്എ) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) എന്നിവയുടെ പുതുക്കിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വാക്സിനേഷനിലെ പുരോഗതി, ആളുകളുടെ സ്വാഭാവിക പ്രതിരോധശേഷി, കോവിഡ് നിയന്ത്രണങ്ങളൊഴിവാക്കുന്ന ഇയു രാജ്യങ്ങളുടെ നടപടികള്‍ എന്നിവയൊക്കെ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം വിശദീകരിക്കുന്നു. എന്നിരുന്നാലും ഫേയ്സ് മാസ്‌ക് കോവിഡിനെതിരായ ഏറ്റവും മികച്ച സുരക്ഷകളിലൊന്നാണെന്ന് ഏജന്‍സികള്‍ കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ധരിക്കുന്നത് ഇപ്പോഴും നിര്‍ന്ധിതമാക്കിയ പല രാജ്യങ്ങളുമുണ്ട്. അങ്ങോട്ടേയ്ക്കുള്ള യാത്രകളില്‍ മാസ്‌ക് ധരിക്കുന്നത് തുടരാവുന്നതാണ്. കൂടാതെ അപകടസാധ്യതയുള്ള യാത്രക്കാര്‍ക്ക് നിയമങ്ങള്‍ പരിഗണിക്കാതെ തന്നെ ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എഫ്എഫ്പി2 / എന്‍95 / കെഎന്‍95 മാസ്‌കുകള്‍ / ഫേയ്‌സ് മാസ്‌ക് ധരിക്കാം.

എയര്‍പോര്‍ട്ടുകളിലും മറ്റ് ഇന്‍ഡോറുകളിലും സാധ്യമാകുന്നിടത്തെല്ലാം അകലം പാലിക്കുന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് പ്രായോഗിക സമീപനം സ്വീകരിക്കാം. പല രാജ്യങ്ങളും ഇപ്പോള്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമുകള്‍ ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും, പുതിയ വേരിയന്റുകള്‍ ഉയര്‍ന്നുവന്നാല്‍ ഉപയോഗിക്കുന്നതിനായി എയര്‍ലൈനുകള്‍ അവരുടെ ഡാറ്റാ ശേഖരണ സംവിധാനം തുടരണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

വിമാന യാത്ര സാധാരണ നിലയിലാകുന്നത് വളരെ സ്വാഗതാര്‍ഹമാണെന്ന് ഇഎഎസ്എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ പറഞ്ഞു. എന്നിരുന്നാലും യാത്രക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇദ്ദേഹം അഭ്യര്‍ഥിച്ചു. ചുമയും തുമ്മല്‍, ജലദോഷം എന്നിവയുള്ളവര്‍ യാത്രകളില്‍ ഫേയ്സ് മാസ്‌ക് ധരിക്കുന്നത് സഹയാത്രികര്‍ക്ക് ആശ്വാസം നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിൻറെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു.