ബ്രസല്‍സ് : ഗ്യാസിൻറെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഭിന്നിപ്പിക്കാന്‍ ഹീന ശ്രമം നടത്തുന്നതായി ഇ യു ഉച്ചകോടിയുടെ വിലയിരുത്തല്‍.ഇത് തിരിച്ചറിയണമെന്ന് ഉക്രൈയ്ന് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കിയതിനു ശേഷം ചേര്‍ന്ന ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു.റഷ്യയില്‍ നിന്നുള്ള ഗ്യാസ് വെട്ടിക്കുറച്ചതോടെ ഒരു ഡസന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലാണെന്നും യോഗം വിലയിരുത്തി.
റഷ്യന്‍ ഗ്യാസ് ഇറക്കുമതി ഇനിയും വെട്ടിക്കുറയ്ക്കുന്നതും ബദല്‍ സംവിധാനങ്ങളും പണപ്പെരുപ്പം കുറയ്ക്കുന്നതുമെല്ലാം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.റഷ്യന്‍ തന്ത്രം പരാജയപ്പെടുത്തുന്നതിന് കുറഞ്ഞ വിലയില്‍ ഗ്യാസ് ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്ന് യൂറോപ്യന്‍ കമ്മീഷനോട് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ഒത്തുചേര്‍ന്ന് എനര്‍ജി വാങ്ങി വില നിയന്ത്രിക്കണമെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ പറഞ്ഞു.വിന്ററിനെ മറികടക്കാന്‍ ഒന്നിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഡി ക്രൂ പറഞ്ഞു.വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍, യൂറോപ്യന്‍ യൂണിയന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും അംഗരാജ്യങ്ങള്‍ നല്‍കി.
വിലകുറഞ്ഞ റഷ്യന്‍ എനര്‍ജി എന്ന ആശയം ഇല്ലാതായെന്നും അതിനാല്‍ ഇതര സ്രോതസ്സുകള്‍ സുരക്ഷിതമാക്കണമെന്നും ലാത്വിയയുടെ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരിന്‍സ് പറഞ്ഞു.സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളെ സര്‍ക്കാര്‍ സഹായിക്കണമെന്ന് ക്രിസ്ജാനിസ് കരിന്‍സ് പറഞ്ഞു.
ജര്‍മ്മനിയുടെ വെളിപ്പെടുത്തല്‍
റഷ്യന്‍ സപ്ലൈസ് ഈ നിലയിലാണെങ്കില്‍ ഗ്യാസ് ക്ഷാമത്തിലേക്ക് രാജ്യം നീങ്ങുമെന്നും വിന്ററോടെ ചില വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും ജര്‍മ്മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് മുന്നറിയിപ്പ് നല്‍കി.കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്തേണ്ടിവരും. തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലകള്‍ തകരും, ഹീറ്റിംഗ് ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാതെ ആളുകള്‍ കടക്കെണിയിലാകും. ഇത് രാജ്യത്തെ വിഭജിക്കാനുള്ള റഷ്യന്‍ തന്ത്രത്തിൻറെ ഭാഗമാണെന്ന് ഹാബെക്ക് ചൂണ്ടിക്കാട്ടി.
യുദ്ധത്തിന് മുമ്പ് യൂറോപ്യന്‍ യൂണിയൻറെ 40 ശതമാനം ഗ്യാസ് ആവശ്യത്തിന് റഷ്യയെയായിരുന്നു ആശ്രയിച്ചത്. എന്നാല്‍ ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം 55 ശതമാനമാണിത്. ഇതു വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും യോഗം ചര്‍ച്ച ചെയ്തു. യൂറോ മേഖലയിലെ 19 രാജ്യങ്ങളിലെ പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 8ശതമാനത്തിന് മുകളിലെത്തിയെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഈ വര്‍ഷം ഇത് 2.7% ആയി കുറയുമെന്ന പ്രതീക്ഷയും യോഗം പങ്കുവെച്ചു.