യൂറോപ്പാകെ പണപ്പെരുപ്പത്തിൻറെ കെടുതികളില്‍

Breaking News Business Europe

ബ്രസല്‍സ് : ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്പാകെ പണപ്പെരുപ്പത്തിൻറെ കെടുതികളിലേയ്ക്ക്. യൂറോപ്പിലെ നാണയപ്പെരുപ്പം 7.5 ശതമാനമായി ഉയര്‍ന്നതായി യൂറോസ്റ്റാറ്റാണ് വെളിപ്പെടുത്തുന്നത്. ഊര്‍ജ്ജ വില ക്രമാതീതമായി ഉയര്‍ന്നതോടെ ഉപഭോക്താക്കളാകെ നട്ടം തിരിയുകയാണ്. വിലക്കയറ്റവും പൊറുതിമുട്ടിക്കുന്ന നിലയിലാണ്. അതിനിടെ പലിശ നിരക്ക് ഉയര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്കിന്മേല്‍ സമ്മര്‍ദ്ദവും ഏറിയിട്ടുണ്ട്.

യൂറോ ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെ ഉപഭോക്തൃ വില സൂചിക വര്‍ധിച്ച് മാര്‍ച്ചില്‍ 7.5% വാര്‍ഷിക നിരക്കിലെത്തിയതായി യൂറോസ്റ്റാറ്റ് സ്ഥിരീകരിച്ചു. യൂറോസോണിലെ പണപ്പെരുപ്പം മാസങ്ങളായി റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 1997നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് അതിപ്പോള്‍.

ഊര്‍ജത്തിൻറെ കുതിച്ചു പായുന്ന വിലയാണ് റെക്കോഡ് പണപ്പെരുപ്പത്തിന് കാരണമായ ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം ഊര്‍ജ്ജത്തിനായുള്ള ചെലവ് 44.7% വര്‍ധിച്ചതായി യൂറോസ്റ്റാറ്റ് ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം, മദ്യം, പുകയില എന്നിവയുടെ വില 5 ശതമാനവും വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍, കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ വില 3.4 ശതമാനവും സേവന വിലകള്‍ 2.7 ശതമാനവുമാണ് ഉയര്‍ന്നത്.