കോവിഡ് വാക്‌സിൻ നിർബന്ധമാക്കാൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ

Covid Europe

റോം: കോവിഡ്-19 ലോകത്താകമാനം അതിവേഗം പടരുകയാണ്. യൂറോപ്പിലാകട്ടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിതീവ്ര രോഗവ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വാക്‌സിനേഷന്‍ തന്നെയാണ് കോവിഡിനെതിരായ ഏറ്റവും വലിയ പ്രതിരോധമാര്‍ഗ്ഗം എന്ന തിരിച്ചറിവും രാജ്യങ്ങള്‍ക്കുണ്ട്. യൂറോപ്പിൻറെ ആകെ വാക്‌സിനേഷന്‍ ശതമാനം പരിശോധിക്കുമ്പോള്‍ അത് തീരെ ആശ്വാസകരവുമല്ല. ഈ സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള ചര്‍ച്ചകളും നടപടികളുമായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത്.

വാക്‌സിനേഷൻറെ കാര്യത്തില്‍ ഈയിടെ സുപ്രധാനമായ ഒരു നടപടി സ്വീകരിച്ച രാജ്യമാണ് ഇറ്റലി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷൻറെ കാര്യത്തില്‍ ഇറ്റലി ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയൊരു വിഭാഗം വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് 50 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിൻറെ നടപടി.

കോവിഡ് അതിവേഗം പടരുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഇതു സംബന്ധിച്ച ചര്‍ച്ച ജനവരി ആദ്യം തന്നെ ജര്‍മ്മന്‍ പാര്‍ലിമെന്റില്‍ ആരംഭിക്കുമെന്നായിരുന്നു സൂചനകളെങ്കിലും ഇത് ജനുവരി അവസാനത്തോടെ മാത്രമേ ആരംഭിക്കൂ എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ വര്‍ഷത്തിൻറെ ആദ്യപാദത്തില്‍ തന്നെ നടപ്പിലാക്കാനാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സിൻറെ തീരുമാനം. ജര്‍മ്മന്‍ ആരോഗ്യമന്ത്രി വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനോട് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇതിനു മുന്‍പ് തന്നെ രംഗത്തു വന്നിരുന്നു. ആളുകളുടെ സുരക്ഷയ്ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈ രാജ്യങ്ങള്‍ കൂടാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ഗ്രീസ് എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഓസ്ട്രിയയില്‍ പതിനാല് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും അടുത്തമാസം മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും. ഗ്രീസിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും ജനുവരി 16 മുതല്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പാക്കും.