ബ്രസല്‍സ് : ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഏറെക്കുറെ ഉറപ്പാകുന്നു. അടുത്ത ആഴ്ച അവസാനത്തോടെ മെംബര്‍ഷിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
കീവ് സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചകളില്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ വോണ്‍ ഡെര്‍ ലെയ്ന്‍ ഇക്കാര്യം അറിയിച്ചു. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇയു കമ്മീഷന്‍ അധ്യക്ഷയുടെ കീവിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്.
പിന്നീട് കീവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. ഉക്രൈയ്‌ന് കാന്‍ഡിഡേറ്റ് മെംബര്‍ഷിപ്പ് നല്‍കുന്നതു സംബന്ധിച്ച് അടുത്തയാഴ്ച അവസാനത്തോടെ എക്സിക്യൂട്ടീവ് അന്തിമ തീരുമാനമെടുക്കുമെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ എല്ലാ ഇ യു രാജ്യങ്ങളുടെയും പിന്തുണ ആവശ്യമാണ്.അംഗത്വമെന്നത് വളരെ നീണ്ട ഒരു പ്രക്രിയയാണ്. അതിൻറെ തുടക്കം മാത്രമാണ് ഇതെന്നും ഇവര്‍ പറഞ്ഞു.അതിനുശേഷം അംഗത്വത്തിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ചകളുണ്ടാകും.
ഭരണപരിഷ്‌കാരങ്ങളിലും നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിലും ഒരുപാട് കാര്യങ്ങള്‍ ഉക്രൈന്‍ ചെയ്തിട്ടുണ്ട്. എങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരേണ്ടതുണ്ടെന്നും വോണ്‍ ഡെര്‍ ലെയ്ന്‍പറഞ്ഞു.
യൂറോപ്പാണ് റഷ്യയുടെ ലക്ഷ്യമെന്ന് ഉക്രൈയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ ആക്രമണം അതിൻറെ ആദ്യ ഘട്ടം മാത്രമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.