റഷ്യന്‍ ഇന്ധന ഇറക്കുമതി പൂര്‍ണ്ണമായി വേണ്ടെന്ന് വെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

Business Europe Headlines Russia

ബ്രെസെല്‍സ് : റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയനിലുടനീളം നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍.

ഉപരോധത്തിൻറെ ഭാഗമായി അംഗരാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സമയം നല്‍കി റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഘട്ടംഘട്ടമായി നിര്‍ത്താനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ റഷ്യയില്‍ നിന്ന് എല്ലാ എണ്ണ ഉല്‍പന്നങ്ങളും വാങ്ങുന്നത് നിര്‍ത്തുക എന്നതാണ് യൂണിയൻറെ ലക്ഷ്യം.

എന്നാല്‍ വോണ്‍ ഡെര്‍ ലെയ്‌നിൻറെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ തുടങ്ങിയ നിരവധി അംഗരാജ്യങ്ങള്‍ ആശങ്കകള്‍ ഉന്നയിച്ച് രംഗത്തെത്തി, കൂടുതല്‍ സമയം അനുവദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യൂറോപ്യന്‍ യൂണിയനില്‍ തുറമുഖങ്ങളും കടല്‍ത്തീരവും ഇല്ലാത്ത അംഗരാജ്യങ്ങള്‍ ഉള്ളതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് കടല്‍ വഴി എണ്ണ ലഭിക്കില്ല. അവര്‍ക്ക് ബദല്‍ സംവിധാനത്തിന് പൈപ്പ് ലൈനുകളും റിഫൈനറികളും ഒരുക്കേണ്ടതുണ്ട്. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വോണ്‍ ഡെര്‍ ലെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ റഷ്യന്‍ ഇന്ധനത്തെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു, പകരം നയതന്ത്ര ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഓര്‍ബന്‍ വ്യക്തമാക്കി.

യുദ്ധം അവസാനിക്കുന്നതിൻറെ സൂചനകളൊന്നും ലഭിക്കാത്തതിനാല്‍, റഷ്യയുടെ ഏറ്റവും ലാഭകരമായ എണ്ണ കയറ്റുമതി ദുര്‍ബലപ്പെടുത്തി റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈയുവിൻറെ ശ്രമം. എന്നാല്‍ യൂറോപ്യന്‍ യൂണിയൻറെ ഈ പരിശ്രമത്തിന് 210 ബില്യണ്‍ യൂറോ ചിലവാകും.

കോവിഡ് റിക്കവറി ഫണ്ട്, പൊതു ബജറ്റ്, എമിഷന്‍ ട്രേഡിംഗ് സിസ്റ്റത്തില്‍ (ETS) നിന്ന് ലഭിക്കുന്ന വരുമാനം പോലുള്ള സാമ്പത്തിക സ്രാതസ്സുകളുടെ സംയോജനത്തിലൂടെ ഈ ദശകത്തിൻറെ അവസാനത്തോടെ 300 ബില്യണ്‍ യൂറോ ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.

ഗോതമ്പ്, ചോളം, ബാര്‍ലി, സൂര്യകാന്തി എണ്ണ എന്നിവയുടെ ലോകത്തെ മുന്‍നിര കയറ്റുമതിക്കാരായ ഉക്രെയ്നെ ആക്രമിച്ചത് വഴി റഷ്യ ആഗോള ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചതായി വോണ്‍ ഡെര്‍ ലെയ്ന്‍ ആരോപിച്ചു.

ഉക്രേനിയന്‍ കപ്പലുകളെ ആഗോള വിപണികളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്നതില്‍ നിന്ന് റഷ്യ തടഞ്ഞു . ഇത്തരം നടപടികള്‍ രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി നല്‍കുകയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയും ചെയ്തു.

കരമാര്‍ഗ്ഗങ്ങളിലൂടെ ഉക്രെയ്‌നില്‍ നിന്ന് ഭക്ഷ്യവിതരണം നടത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍സ് സ്ഥാപിക്കാന്‍ കീവ് EU, G7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഏകദേശം 40 ദശലക്ഷം ടണ്‍ ഭക്ഷ്യ ധാന്യം ഉക്രൈനില്‍ സംഭരിച്ചിട്ടുണ്ട് , അതില്‍ പകുതിയും ജൂലൈ അവസാനത്തോടെ കയറ്റുമതി ചെയ്തില്ലെങ്കില്‍ കേടാകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്