ബ്രസ്സല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് ഉക്രെയ്നിനെ പരിഗണിച്ചു. ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയനില്‍ കാന്‍ഡിഡേറ്റ് പദവി നല്‍കി. രണ്ട് ദിവസമായി ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഉക്രൈയ്ന് അംഗത്വം നല്‍കുന്നതിനെതിരെ എതിര്‍പ്പുകളും മറ്റും ഉയര്‍ന്നിരുന്നെങ്കിലും ചരിത്രപരമായ ആ പ്രഖ്യാപനത്തിനായി യൂണിയന്‍ രാജ്യങ്ങള്‍ ഒന്നിക്കുകയായിരുന്നു.
അഴിമതിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉക്രൈന് അംഗത്വം നല്‍കുന്നതിനെ നേരത്തേ യൂണിയന്‍ അംഗരാജ്യങ്ങള്‍ വന്‍തോതില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഫെബ്രുവരി ആക്രമണത്തിനും യുദ്ധത്തിനും ശേഷം സ്ഥിതി മാറുകയായിരുന്നു. എന്നിരുന്നാലും റഷ്യയെ ചൊടിപ്പിക്കുന്നതാണ് ഇയു തീരുമാനമെന്നാണ് കരുതുന്നത്.
ഉക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന മോള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥി പദവി നല്‍കി. അതേസമയം, ജോര്‍ജിയയ്ക്ക് ഒരു “യൂറോപ്യന്‍ വീക്ഷണം” വാഗ്ദാനം ചെയ്യാന്‍ സമ്മതിച്ചെങ്കിലും കാന്‍ഡിഡേറ്റ് പദവി നല്‍കിയില്ല.
ഇതൊരു ചരിത്ര നിമിഷമാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ ട്വീറ്റ് ചെയ്തു. “ഇത് യൂറോപ്പിന് നല്ല ദിവസമാണ്” എന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. എല്ലാവരെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണിതെന്നും അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് എല്ലാ കാന്‍ഡിഡേറ്റ് രാജ്യങ്ങള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് യൂറോപ്യന്‍ കമ്മീഷന്‍ ഉക്രെയ്‌നിന് കാന്‍ഡിഡേറ്റ് പദവി ശുപാര്‍ശ ചെയ്തത്. യൂണിയന്‍ നിര്‍ദ്ദേശിച്ച ഏകദേശം 70% നിയമങ്ങളും മാനദണ്ഡങ്ങളും ഇതിനകം ഉക്രൈന്‍ നടപ്പിലാക്കിക്കഴിഞ്ഞുവെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഇ യു തീരുമാനത്തില്‍ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
തീരുമാനത്തെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നതായി ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ചരിത്രപരമായമായ അതുല്യ നിമിഷമെന്നാണ് അദ്ദേഹം ഇതിനെ ട്വിറ്ററില്‍ വിശേഷിപ്പിച്ചു. ഉക്രൈയ്നിൻറെ ഭാവി യൂറോപ്യന്‍ യൂണിയനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗത്വം ലഭിക്കുന്നതിന് സഹായിക്കണമെന്നഭ്യര്‍ഥിച്ച് ഉക്രൈന്‍ പ്രസിഡന്റ് എല്ലാ അംഗരാജ്യ നേതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്നലെ മാത്രം 11 നേതാക്കളോട് സംസാരിച്ചതായി സെലെന്‍സ്‌കി പറഞ്ഞു.