റഷ്യന്‍ ഓയില്‍ ഇറക്കുമതി നിരോധനം; ഇയു രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത

Business Europe Headlines Russia

ബ്രസല്‍സ് : റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി നിരോധിക്കുന്ന യൂറോപ്യന്‍ യൂണിയൻറെ ആറാം സാമ്പത്തിക പായ്ക്കേജ് നടപ്പാക്കുന്നതില്‍ ഇയു രാജ്യങ്ങള്‍ തമ്മില്‍ സമവായത്തിലെത്തിയില്ല. എന്നാല്‍ ഈ കാലാവധിയെ സംബന്ധിച്ചും ബദല്‍ സംവിധാനം അനുവദിക്കുന്നതിനെ സംബന്ധിച്ചുമൊക്കെയാണ് ഭിന്നത നിലനില്‍ക്കുന്നത്.

ചര്‍ച്ചകള്‍ ആറു ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനം നീളുകയാണ്. ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധനത്തെ എതിര്‍ക്കുന്നത്.

ആറു മാസത്തെ കാലയളവിനുള്ളില്‍ ഘട്ടം ഘട്ടമായി ഓയിലും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കാനാണ് ഇയു തീരുമാനം. കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആറാം ഉപരോധ പായ്ക്കേജ് അവതരിപ്പിച്ചത്. തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയൻറെ ഉപരോധം നടപ്പാക്കുന്നതിന് 27 അംഗരാജ്യങ്ങളുടെയും ഏകകണ്ഠമായ അംഗീകാരം ആവശ്യമാണ്.

ആറു മാസക്കാലത്തിനുള്ളില്‍ മറ്റ് ദാതാക്കളെ കണ്ടെത്താനാവില്ലെന്നാണ് ഈ നാല് രാജ്യങ്ങളുടെയും നിലപാട്. മാത്രമല്ല നിരോധനത്തെ ഫലപ്രദമായി നേരിടാന്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി പ്രത്യേക വിഹിതം അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇറക്കുമതി നിരോധനം സംബന്ധിച്ച ഇയുവിൻറെ ഇപ്പോഴത്തെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി സോള്‍ട്ടന്‍ കോവാക്സ് വ്യക്തമാക്കി. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും ഇതിനെതിരെ അതിശക്തമായി രംഗത്തുവന്നിരുന്നു. സോവിയറ്റ് പൈതൃകമായി കണക്കാക്കുന്ന റഷ്യയുടെ ദ്രുഷ്ബ പൈപ്പ് ലൈനില്‍ നിന്നാണ് ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവയ്ക്ക് എണ്ണ ലഭിക്കുന്നത്. ഈ രാജ്യങ്ങളിലെ റിഫൈനറികളൊന്നും കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്തിട്ടുമില്ല.

സമയത്തില്‍ ഇളവനുവദിച്ച് പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. നിരോധനം പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് ഹംഗറിയ്ക്കും സ്ലൊവാക്യയ്ക്കും ചെക്ക് റിപ്പബ്ലിക്കിനും 2024 അവസാനം വരെ സമയം നീട്ടി നല്‍കാമെന്നാണ് ധാരണയെന്ന് സൂചനയുണ്ട്. എന്നാല്‍ മൂന്നു വര്‍ഷമെങ്കിലും സമയം വേണമെന്നാണ് സ്ലൊവാക്യയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

റൂബിളില്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബള്‍ഗേറിയയ്ക്കുള്ള പോളണ്ടിനും ബള്‍ഗേറിയയ്ക്കുമുള്ള ഗ്യാസ് കയറ്റുമതി റഷ്യ നിര്‍ത്തിയിരുന്നു. ഇത് പരിഗണിച്ച് ഹംഗറി, സ്ലൊവാക്യയ്ക്കും അനുവദിക്കുന്ന ഇളവുകള്‍ വേണമെന്ന് ബള്‍ഗേറിയയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ റഷ്യയ്ക്ക് തിരിച്ചടി നല്‍കി ജി 7 രാജ്യങ്ങളും റഷ്യന്‍ ഓയില്‍ ഇറക്കുമതി ഘട്ടംഘട്ടമായി പൂര്‍ണ്ണമായി നിരോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.