ബ്രസല്‍സ് : റഷ്യന്‍ യുദ്ധഭീകരതയെ പാഠം പഠിപ്പിക്കാന്‍ 300 ബില്യണ്‍ യൂറോയുടെ വമ്പന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം കാലാവസ്ഥാ നയങ്ങള്‍ കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പദ്ധതിയാണ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നത്തിൻറെ പേരില്‍ ഇയു ഉപരോധം പൊളിയാതിരിക്കാനുള്ള തന്ത്രവും ഇയു കമ്മീഷൻറെ പുതിയ പായ്ക്കേജിനുണ്ട്. റഷ്യന്‍ ഇന്ധനം ഉപേക്ഷിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ 27 അംഗരാജ്യങ്ങളെയും പദ്ധതി സാമ്പത്തികമായി സഹായിക്കും.
റഷ്യയുടെ ആയിരക്കണക്കിന് കോടി യൂറോയുടെ വരുമാനം ഇല്ലാതാക്കുന്നതിനൊപ്പം ഇന്ധനത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും റിന്യൂവബിള്‍ എനര്ജിയിലേയ്ക്കുള്ള പരിവര്‍ത്തനവുമാണ് ഇയു കമ്മീഷന്റെ ‘റി പവര്‍ ഇയു’ പായ്ക്കേജ് ഉന്നം വെയ്ക്കുന്നത്. ബദല്‍ സ്രോതസ്സുകളിലേക്ക് മാറുന്നതിനുള്ള ചെലവ് താങ്ങാനാവാതെ ഹംഗറിയടക്കമുള്ള രാജ്യങ്ങള്‍ വന്‍ പ്രതിസന്ധിയെ നേരിടുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ ഹംഗറിയെപ്പോലെ റഷ്യന്‍ ഓയിലിനെ വളരെയധികം ആശ്രയിക്കുന്ന അംഗരാജ്യങ്ങള്‍ക്ക് ഏകദേശം രണ്ട് ബില്യണ്‍ യൂറോയോളം തുക ഓയില്‍ നിക്ഷേപ ഫണ്ടിലൂടെ സഹായമായി ലഭിക്കും.
റി പവര്‍ ഇയു പായ്ക്കേജ്
റഷ്യന്‍ ഇന്ധനത്തില്‍ നിന്ന് എത്രയും വേഗം മോചനം നേടുന്നതിനാണ് റി പവര്‍ ഇയു പായ്ക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഇന്ധനത്തിന് റൂബിളില്‍ പണം നല്‍കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് റഷ്യ ഇയു അംഗരാജ്യങ്ങളായ പോളണ്ടിനും ബള്‍ഗേറിയയ്ക്കും പാചകവാതകം വെട്ടിക്കുറച്ചിരുന്നു. ഇതൊരു ദുസ്സൂചനയായാണ് ഇയു കമ്മീഷന് കാണുന്നത്. കരാര്‍ വ്യവസ്ഥകളും മറ്റും ചൂണ്ടിക്കാട്ടി റഷ്യയുമായി വേണമെങ്കില്‍ ധാരണയിലെത്താം. എന്നാല്‍ അതിന് ഇയുവിന് താല്‍പ്പര്യമില്ല. റഷ്യയുമായി ഏതു വിധത്തില്‍ സഹകരിക്കുന്നതും ഇയുവില്‍ അംഗത്വം തേടുന്ന ഒരു രാജ്യത്തെ കടന്നാക്രമിക്കുന്നതിനുള്ള ഇന്ധനം നല്‍കലാവുമെന്ന് കമ്മീഷന് കരുതുന്നു.
പദ്ധതിയില്‍ ഗ്രാന്റുകളായി ഏകദേശം 72 ബില്യണ്‍ യൂറോയും വായ്പയായി 225 ബില്യണ്‍ യൂറോയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. പക്ഷേ ഈ പദ്ധതി പൂര്‍ണ്ണമായി പ്രാബല്യത്തിലെത്താന്‍ പത്തു വര്‍ഷമെങ്കിലും എടുത്തേക്കും. എന്നിരുന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനുള്ള കുറുക്കുവഴികളും കമ്മീഷന് തേടുന്നുണ്ട്.
ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളും ലക്ഷ്യമിടുന്നു
റഷ്യന്‍ കല്‍ക്കരിയുടെ ഇറക്കുമതി നിരോധനം ഓഗസ്റ്റില്‍ ആരംഭിക്കും. വര്‍ഷാവസാനത്തോടെ റഷ്യന്‍ ഗ്യാസിൻറെ ഇറക്കുമതി മൂന്നില്‍ രണ്ട് കുറയ്ക്കാനും ഇയു തീരുമാനമുണ്ട്. 2025 ഓടെ ഫോട്ടോവോള്‍ട്ടെയ്ക്ക് ശേഷി ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന സോളാര്‍ എനര്‍ജി പദ്ധതി പായ്ക്കേജ് മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് 2050 ഓടെ കുറഞ്ഞത് 150 ജിഗാവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള നോര്‍ത്ത് സീ വിന്‍ഡ് ഫാമുകള്‍ നിര്‍മ്മിക്കാന്‍ ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഡെന്മാര്ക്ക് എന്നീ നാല് ഇയു രാജ്യങ്ങള്‍ പദ്ധതിയിടുന്നതായും വാര്‍ത്തയുണ്ട്.