ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന ലോക റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെ 50 ഓവറില്‍ നാലു വിക്കറ്റിന് 498 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് അവരുടെ തന്നെ റെക്കോര്‍ഡ് തിരുത്തിയത്. 232 റണ്‍സിൻറെ വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും വെറും രണ്ട് റണ്‍സിന് 500 റണ്‍സ് നഷ്ടമായതിൻറെ നിരാശയിലായിരിക്കും ഇംഗ്ലീഷുകാര്‍.
ഡേവിഡ് മലാന്‍, ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോര്‍ഡിലെത്തിച്ചത്. 70 പന്ത് നേരിട്ട ബട്ട്ലര്‍ പുറത്താകാതെ 162 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഫില്‍ സാള്‍ട്ട്(122), ഡേവിഡ് മലാന്‍(125) എന്നിവരും നെതര്‍ലന്‍ഡ്സ് ബൗളര്‍മാരെ പഞ്ഞിക്കിട്ടു. ലിവിംഗ്സ്റ്റണ്‍ 22 പന്തില്‍ നിന്ന് 66 റണ്‍സ് നേടി. 26 സിക്സറുകളാണ് ഇംഗ്ലണ്ട് ഇന്നലെ അടിച്ചു കൂട്ടിയത്. ഇതില്‍ 14 എണ്ണവും ബട്ട്ലറുടെ വകയായിരുന്നു. 47 പന്തിലാണ് ബട്ട്ലര്‍ സെഞ്ച്വറി കടന്നത്.
നേരത്തെ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കുമ്പോള്‍ ഇതുപോലൊരു വെടിക്കെട്ട് പ്രതീക്ഷിച്ചു കാണില്ല. ഇംഗ്ലീഷ് ബട്ടേഴ്‌സിൻറെ പ്രഹരം ഏറ്റുവാങ്ങാത്ത ബൗളറുമാര്‍ നെതര്‍ലന്‍ഡ്സ് നിരയില്‍ ഇല്ല. നായകന്‍ മോര്‍ഗനും, ജേസണ്‍ റോയിയും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ നിരാശപെടുത്തിയത്. നെതര്‍ലാന്‍ഡ്സിൻറെ ഫിലിപ്പ് ബോയിസെവന്‍ 10 ഓവറില്‍ 108 റന്‍സുകളാണ് വഴങ്ങിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 499 റണ്‍സിൻറെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സ് 49.4 ഓവറില്‍ 266 റണ്‍സിന് അവസാനിക്കുകയായിരുന്നു. പുറത്താകാതെ 72 റണ്‍സ് നേടിയ സ്‌കോട്ട് എഡ്വേര്‍ഡ്‌സും 55 റണ്‍സെടുത്ത മാക്‌സ് ഓ ഡോഡുമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി മൊയിന്‍ അലി മൂന്നു വിക്കറ്റെടുത്തു.
പുരുഷ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് ടീം സ്‌കോറുകളും ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണ്. ആദ്യം പാകിസ്ഥാനെതിരെ 444 റണ്‍സ് നേടി, പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരെ 481 റണ്‍സ് അടിച്ച് വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഇപ്പോഴിതാ, 498 എന്ന സ്‌കോറിലേക്ക് ചരിത്രം വീണ്ടും മാറ്റി എഴുതിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 491 റണ്‍സാണ് വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.