ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ നിബന്ധനകള്‍ അവസാനിപ്പിക്കണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (എന്‍ഫെറ്റ് – NPHET) സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇത് കോവിഡ് വകഭേദങ്ങളുടെ ആക്രമണം ദുര്‍ബലമാകുന്നതിൻറെ ലക്ഷണമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. വിദ്യാഭ്യാസമേഖലയിലും പൊതുഗതാഗത സംവിധാനത്തിലും അടക്കം മാസ്‌കുകള്‍ അണിയുന്നത് ഇഷ്ടമുണ്ടെങ്കില്‍ മതിയെന്ന രീതിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹാന്റെതാണ് ശുപാര്‍ശ. ഇത് എന്‍ഫെറ്റ് മുന്നോട്ടുവയ്ക്കുകയായിരുന്നു. ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണലിക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ കത്ത് സമര്‍പ്പിച്ചു കഴിഞ്ഞു.
മാസ്‌ക് ധരിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുമെങ്കിലും മാസ്‌ക് നിര്‍ബന്ധിതമായിരിക്കില്ല. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍, അയര്‍ലണ്ടിലെ മിക്ക പ്രവര്‍ത്തന മേഖലകളിലും ഇനി മാസ്‌ക് നിര്‍ബന്ധമല്ലാതാകും. മാസ്‌ക് അണിയുന്നത് നിര്‍ബന്ധമല്ലാതാകുന്നു എന്നതിലും പ്രധാനം രോഗഭീതി ഒഴിയുന്നുവെന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ അതിൻറെ സൂചനകള്‍ നല്കുന്നതാണ് പൊതുജനത്തിന് ആശ്വാസമേകുന്നത്.
അതേസമയം, പൊതുജനങ്ങള്‍ക്കുള്ളതാണ് ഈ ഇളവുകള്‍. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലനകേന്ദ്രങ്ങളിലും ക്രമീകരണങ്ങളിലും മാസ്‌ക് നിര്‍ബന്ധിതമായി തുടരും.
നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കപ്പെട്ടാല്‍, കടകളും പൊതുഗതാഗതവും പോലുള്ള മേഖലകളില്‍ ഉടന്‍ തന്നെ മാസ്‌ക് ധരിക്കുന്നത് ഓപ്ഷണലായി മാറുമെന്നാണു പ്രതീക്ഷ.
കുട്ടികള്‍ക്കായി ഫേസ് മാസ്‌ക് ധരിക്കുന്നതും അടുത്ത ആഴ്ച ആദ്യം തന്നെ പിന്‍വലിച്ചേക്കും. കുട്ടികള്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതിൻറെ ആവശ്യകത എടുത്തുമാറ്റണമെന്നാണ് തൻറെ കാഴ്ചപ്പാടെന്നും റയാന്‍ പറഞ്ഞിരുന്നു. മാസ്‌ക് സ്ഥിരമായും തുടര്‍ച്ചയായും ധരിക്കുന്നത് ആരോഗ്യപരമല്ലെന്നും കണക്കുകൂട്ടലുകളുണ്ട്. കുട്ടികളില്‍ ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. ചില്ലറ വ്യാപാരമേഖലയിലും ഇതു പ്രാവര്‍ത്തികമാക്കാനാണു ശ്രമം.
ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലേബര്‍ നേതാവ് അലന്‍ കെല്ലിയും അറിയിച്ചു. എന്നാല്‍, ഗതാഗത മേഖലയിലെയും ചില്ലറ വില്‍പ്പന മേഖലയിലെയും നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ക്കടക്കം ആശങ്കകളുണ്ടെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയൻറെ നിയമങ്ങള്‍ ഹ്രസ്വകാലത്തേക്ക് നിലനിര്‍ത്താന്‍ പട്രീഷ്യ കിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്കും ദുര്‍ബലരായ ആളുകള്‍ക്കും വളരെയധികം ഉത്കണ്ഠയുണ്ടാകുന്ന നടപടിയാണിതെന്നും ട്രെയിനുകളും ബസുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുമെന്നു പഠിച്ചുവേണം നിര്‍ദ്ദേശം നടപ്പിലാക്കുന്ന കാര്യം തീരുമാനിക്കാനെന്നും പറഞ്ഞു.
പാന്‍ഡെമിക് അവസാനിച്ചിട്ടില്ല, മറ്റൊരു ഘട്ടത്തിലാണ്, പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തനവും മറ്റൊരു ഘട്ടത്തിലാണ്. വാക്സിനേഷനില്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻറെ ആവശ്യകതയുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്‍ഫെറ്റിൻറെ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് പ്രത്യാശാസ്വരത്തിലുള്ള പ്രസ്താവനയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസിന്റേത്. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് എന്‍പിഎച്ച്ഇടിയില്‍ നിന്ന് സര്‍ക്കാരിന് കൃത്യമായ ഉപദേശമാണു ലഭിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗിന്നസ് എന്റര്‍പ്രൈസ് സെന്ററില്‍ ഇന്നൊവേഷന്‍ എക്‌സ്‌ചേഞ്ചിൻറെ ദേശീയ പതിപ്പിൻറെ ഉദ്ഘാടന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിധത്തില്‍ അഭിപ്രായപ്പെട്ടത്. അവരുടെ ഉപദേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുജനാരോഗ്യത്തിനാണു മുഖ്യപരിഗണന. അതിനുതകുമെങ്കില്‍ നിയന്ത്രണം നീക്കും. ഇല്ലെങ്കില്‍ തുടരും. പൊതുജനാരോഗ്യപ്രദം മാസ്‌ക് ഉപയോഗം നീക്കുന്നതാണെങ്കില്‍ അത്തരം ഒരു നിയന്ത്രണത്തിനും ന്യായീകരണമില്ല, അദ്ദേഹം പറഞ്ഞു.