എമിറേറ്റ്സ് വിമാന സര്‍വ്വീസുകളില്‍ 90%വും പുനസ്ഥാപിച്ചു

Business Headlines Tourism

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സര്‍വ്വീസുകളെ വീണ്ടെടുത്തതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. റൂട്ട് നെറ്റ്വര്‍ക്കിൻറെ 90%വും പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള ശേഷിയുടെ 70% നേടുമെന്നും എമിറേറ്റ്സ് വിശദീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്തംബര്‍ 30നും ഇടയില്‍ 6.1 മില്യണ്‍ യാത്രക്കാര്‍ കടന്നുപോയതായി എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 319% വര്‍ധനവാണിതെന്നും കമ്പനി പറയുന്നു.

അയര്‍ലണ്ടില്‍ 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും തിരക്കേറിയ മാസമായിരിക്കും ഈ ഡിസംബറെന്ന് കമ്പനി പറയുന്നു. ഡബ്ലിനില്‍ നിന്ന് ദുബായിലേക്കും കിഴക്കന്‍ ഡസ്റ്റിനേഷനുകളിലേക്കുമുള്ള വിമാനങ്ങളില്‍ ബുക്കിംഗുകള്‍ മുന്നേറ്റത്തിലാണെന്നും കമ്പനി പറഞ്ഞു.

ഡിസംബറിലെ ബുക്കിംഗുകള്‍ അതിവേഗത്തില്‍ നടക്കുകയാണ് ഡിസംബര്‍ മുഴുവനും ജനുവരിയിലും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ഡാ കോര്‍ണിലി പറഞ്ഞു. പാന്‍ഡെമിക്കിന് ശേഷമുള്ള ഈ തിരക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു. 2022 പൂര്‍ണ്ണമായും പോസിറ്റീവായിരിക്കുമെന്നും അയര്‍ലണ്ട് മാനേജര്‍ പറഞ്ഞു.