ട്വിറ്റര്‍ എലോണ്‍ മസ്‌കിൻറെ കൈകളിലേയ്ക്ക്

Breaking News Business Entertainment Social Media

വാഷിംഗ്ടണ്‍ : അനിശ്ചിതത്വത്തിന് വിട നല്‍കി ട്വിറ്റര്‍ എലോണ്‍ മസ്‌കിൻറെ കൈകളിലേയ്ക്ക്. 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മസ്‌കിന് വില്‍ക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളും ആഗോള നായകരും ഉള്‍ക്കൊള്ളുന്ന വമ്പന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിൻറെ നിയന്ത്രണം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് സ്വന്തമാകും.

2013 മുതല്‍ നിലനില്‍ക്കുന്ന പബ്ലിക് കമ്പനി എന്ന പദവിയും ട്വിറ്ററിന് നഷ്ടമാകും. അതിനിടെ, ഈ ഏറ്റെടുക്കല്‍ വാര്‍ത്തയെ തുടര്‍ന്ന് ട്വിറ്ററിൻറെ ഓഹരി വില 6% ഉയര്‍ന്നു.

എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നുവെന്ന് കഴിഞ്ഞ മാസം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇദ്ദേഹം നടത്തിയ പ്രസ്താവനകളും ചില ഭീഷണികളുമൊക്കെ ആ നീക്കത്തെ മന്ദഗതിയിലാക്കി. മസ്‌ക് ഏറ്റെടുക്കുന്നതിനെ തടയുന്നതിന് ട്വിറ്ററിൻറെ ഡയറക്ടര്‍ ബോര്‍ഡ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തി. അതിനിടെ മസ്‌ക് ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ ബോര്‍ഡിനെ സമ്മര്‍ദ്ദത്തിലുമാക്കി. മസ്‌ക് തൻറെ ഓഫറിൻറെ സാമ്പത്തിക ഇടപാടിൻറെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് ട്വിറ്റര്‍ ഓഹരി ഉടമകളെ ആകര്‍ഷിക്കുകയായിരുന്നു. ഒടുവില്‍ മസ്‌കുമായി ഇടപാട് നടത്താന്‍ നാടകീയമായ നീക്കത്തിലൂടെ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഈ മാസം ആദ്യം അദ്ദേഹം സ്ഥാപനത്തിൻറെ നല്ലൊരു ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ആഴ്ച ഏകദേശം 46.5 ബില്യണ്‍ ഡോളര്‍ ധനസഹായവും ട്വിറ്ററിന് ഓഫര്‍ ചെയ്തിരുന്നു. ഓഹരിക്ക് 54.20 ഡോളര്‍ വിലയിട്ടാണ് മസ്‌ക് ട്വിറ്റിനെ ഏറ്റെടുത്തത്.

മൂല്യം, ഉറപ്പ്, ധനസഹായം എന്നിവ മുന്‍നിര്‍ത്തിയാണ് എലോണ്‍ മസ്‌കിൻറെ നിര്‍ദ്ദേശം സ്വീകരിച്ചതെന്ന് ട്വിറ്റര്‍ ബോര്‍ഡ് ചെയര്‍ ബ്രെറ്റ് ടെയ്‌ലര്‍ പറഞ്ഞു. ഈ ഇടപാട് ട്വിറ്ററിൻറെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും മികച്ച ക്യാഷ് പ്രീമിയം നല്‍കുമെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ അഭിപ്രായപ്രകടനമാണ് ജനാധിപത്യത്തിൻറെ അടിത്തറയെന്ന് സംയുക്ത പ്രസ്താവനയില്‍ എലോണ്‍ മസ്‌ക് പറഞ്ഞു.