ചെന്നൈ: ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ എത്തുന്നു. വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്കാന് കൂടി വഴിയില്ലാതായതോടെയാണ് ഇന്ത്യയിലേക്ക് പാലായനം ചെയ്യുന്നതെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞു. ഇതുവരെ 16 പേരാണ് തമിഴ്നാട് തീരത്തെത്തിയത്. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്കാണ് ശ്രീലങ്ക ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ലങ്കയിലെ ജാഫ്ന, മാന്നാര്‍ എന്നീ മേഖലകളില്‍ നിന്നും രണ്ടു സംഘങ്ങളായാണ് ഇവര്‍ എത്തിയത്. മൂന്ന് കുട്ടികളുള്‍പ്പെടെ ആറ് അഭയാര്‍ത്ഥികളടങ്ങിയ ആദ്യ സംഘം രാമേശ്വരത്തിന് അടുത്ത് ഒരു ദ്വീപില്‍ കുടുങ്ങിയതോടെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി തീരത്ത് എത്തിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് മറ്റൊരു പത്തംഗസംഘം എത്തിയത്. ഇതില്‍ നാല് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഭക്ഷണ ദൗര്‍ലഭ്യവുമെല്ലാം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തേക്ക് പലായനം ചെയ്തേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയല്‍രാജ്യം. പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകള്‍ റദ്ദാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒരു പാല്‍ച്ചായക്ക് 100 രൂപയാണ്! പാല്‍പ്പൊടിയ്ക്ക് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 250 രൂപയാണ് കൂടിയത്. ഒരു കിലോ അരിക്ക് 290 രൂപയും പഞ്ചസാര കിലോഗ്രാമിന് 290 രൂപയും 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയുമാണ്.
വിദേശനാണ്യ ശേഖരത്തിൻറെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോല്പന്നങ്ങള്, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. പ്രതിസന്ധി മറികടക്കാന്‍ ഇന്റര്‍നാഷണല്‍ മോന്ററി ഫണ്ടിനെ പ്രസിഡന്റ് ഗോട്ബയ രാജപക്സെ സമീപിച്ചിരുന്നു. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യണ്‍ ഡോളറിൻറെ സഹായം നല്‍കിയിരുന്നു.
അതേസമയം, ലങ്കയില്‍ ഭക്ഷ്യ ക്ഷാമത്തിനും കുത്തനെയുള്ള വിലക്കയറ്റിനുമെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്, ഈ മാസം ആദ്യം കൊളംബോയില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ കയറ്റുമതി വ്യവസായത്തില്‍ 24% വളര്‍ച്ചയുണ്ടായെന്നും കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധിയിലായിരുന്ന ടൂറിസം മേഖല സാധാരണ നിലയിലേക്ക് നീങ്ങുന്നുണ്ടെന്നുമുള്ള പ്രതീക്ഷ ശ്രീലങ്കയുടെ നഗരവികസന സംസ്ഥാന മന്ത്രിയും മുമ്പ് രാജ്യത്തിൻറെ തുറമുഖ അതോറിറ്റിയുടെ തലവനും ആയിരുന്ന നലക ഗോദഹേവ പറഞ്ഞു.