കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 950ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 600ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്-കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖോസ്റ്റ്, പക്ടിക പ്രവിശ്യകളില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പക്ടികയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ വഴിയാണ് രക്ഷപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി രാജ്യാന്തക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടായതാണ് റിപ്പോര്‍ട്ട്.