കൊച്ചി : യൂറോപ്പ്യന്‍ വിപണി കീഴടക്കാനൊരുങ്ങി കേരള മേഡ് ഇ-സൈക്കിളുകള്‍. കൊച്ചി സ്വദേശിയായ ജിത്തു സുകുമാരന്‍ നായരുടെ ഉടമസ്ഥതയിലുള്ള VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നൂതന ഇ- സൈക്കില്‍ വിപണിയിലേക്കെത്തിക്കുന്നത്. ഓസ്ട്രിയയില്‍ വച്ച് രൂപകല്‍പന ചെയ്ത സൈക്കിളിൻറെ പ്രധാന ഭാഗങ്ങള്‍ എത്തിച്ചിരിക്കുന്നത് ഇറ്റലിയിലെ പ്രശസ്ത മോട്ടോര്‍സൈക്കിള്‍ ബ്രാന്റായ ബനെല്ലിയില്‍ നിന്നുമാണ്. VAAN കമ്പനിയുടെ കൊച്ചി വരാപ്പുഴയിലെ പ്ലാന്റില്‍ വച്ചാണ് ഇവയുടെ നിര്‍മ്മാണം. ജനുവരി മുതല്‍ ഇവയുടെ വില്‍പന ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 12000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുുള്ള പ്ലാന്റാണ് കമ്പനിക്ക് വരാപ്പുഴയിലുള്ളത്. ഇവിടെ നിലവില്‍ നാനൂറോളം ഇ സൈക്കിളുകള്‍ വില്‍പനയ്ക്കായി സജ്ജമായി കഴിഞ്ഞതായും കമ്പനി പറഞ്ഞു.
ഇറ്റലിയിലെ പ്രശസ്തമായ EICMA മോട്ടോര്‍ സൈക്കില്‍ ഷോയില്‍ വച്ചായിരുന്നു കഴിഞ്ഞ മാസം സൈക്കിളിൻറെ ലോഞ്ച് നടന്നത്. ഓസ്ട്രിയ ആസ്ഥാനമായ പ്രമുഖ മോട്ടോര്‍ സൈക്കിള്‍ ബ്രാന്റായ കെ.ടി.എം ൻറെ ഉടമസ്ഥരായ കിസ്‌ക യാണ് ഇ- സൈക്കളിൻറെ രൂപകല്‍പന. സൈക്കിളിന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ചെക്ക് റിപബ്ലിക്ക് എന്നിവിടങ്ങളിലും ഡീലര്‍മാര്‍ ഉണ്ടാവുമെന്ന് VAAN കമ്പനി അറിയിച്ചു.
2017ല്‍ മുംബൈ ആസ്ഥാനമായാണ് ജിത്തു സുകുമാരന്‍ നായര്‍ VAAN എന്ന പേരില്‍ തന്റെ കമ്പനി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതിമാസം 2000 സൈക്കിളുകള്‍ വരെ ഉത്പാദിപ്പാക്കാനുള്ള ശേഷി കമ്പനിയുടെ വരാപ്പുഴയിലെ പ്ലാന്റിനുണ്ട്. പ്രതിവര്‍ഷം 8000 മുതല്‍ 10000 വരെ സൈക്കിളുകള്‍ വിറ്റഴിക്കാനാണ് കമ്പനി ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാരെയും ലക്ഷ്യമിടുന്ന തരത്തിലുള്ള സൈക്കിളുകള്‍ കമ്പനിയില്‍ ഉത്പാദിപ്പിക്കുമെന്നും, ഇതിൻറെ വില 50000 രൂപയില്‍ കൂടുതലായിരിക്കുമെന്നും കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓയുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു.
മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയിലോടുന്ന, അഞ്ച് ഗിയറുകളില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിളാണ് നിലവില്‍ കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്. 2.50 കിലോഗ്രാം ഭാരം വരുന്ന ലിഥിയം ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക. നാല് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഈ സൈക്കിള്‍ 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഓടാന്‍ കഴിയും. ഇതോടൊപ്പം 4 വയസ്സു മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഒരു കിഡ്‌സ് സൂപ്പര്‍ ബൈക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ഒന്നര വര്‍ഷത്തിനിടെ ഇലക്ട്രിക് സ്‌കൂട്ടറുകളും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് സി.ഇ.ഓ പറഞ്ഞു.