ഡബ്ലിന്‍ : സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഡിഎഎയുടെ ‘സ്വന്തം’. ഹജ്ജ് തീര്‍ത്ഥാടനത്തിൻറെ പ്രധാന കേന്ദ്രമായ ജിദ്ദയിലെ വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഡിഎഎ ഇന്റര്‍നാഷണല്‍ നേടിയത്.
റിയാദ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരമാണ് ജിദ്ദ. വ്യോമയാന ബിസിനസ് വികസനവും നോണ്‍ എയ്റോനോട്ടിക്കല്‍ വരുമാന വര്‍ധനവും ലക്ഷ്യമിട്ടുള്ളതാണ് റെഡ് സീപോര്‍ട്ട് സിറ്റിയിലെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മള്‍ട്ടി മില്യണ്‍ യൂറോയുടെ ഈ കരാര്‍.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്ത മത്സരാധിഷ്ഠിത ടെന്‍ഡറിനൊടുവിലാണ് ജിദ്ദ എയര്‍പോര്‍ട്ട് കമ്പനി (ജെഡ്‌കോ)യുടെ കരാര്‍ ഡിഎഎയ്ക്ക് ലഭിച്ചത്.
വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര കവാടം കൂടിയായ ജിദ്ദയിലെ വിമാനത്താവളത്തിൻറെ കരാര്‍ നേടിയതില്‍ സന്തുഷ്ടരാണെന്ന് ഡിഎഎ ഇന്റര്‍നാഷണല്‍ സിഇഒ നിക്കോളാസ് കോള്‍ പറഞ്ഞു. ഡിഎഎ ഇന്റര്‍നാഷണലിനും ഗ്രൂപ്പിനും ഇതൊരു ഗെയിം ചേഞ്ചറായിരിക്കും. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മിഡില്‍ ഈസ്റ്റിലെ വ്യോമയാന മേഖലയുടെ മുന്‍നിരയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയിലെ ബിസിനസ്സിന് പുറമേ, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, യുകെ എന്നിവിടങ്ങളിലെ ക്ലയന്റുകള്‍ക്ക് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് കണ്‍സള്‍ട്ടന്‍സി എന്നിവയും കമ്പനി നല്‍കുന്നുണ്ട്.