ജമ്മുകാശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി

General

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി. സാംബ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാനില്‍ നിന്നുള്ള മൂന്നു ഡ്രോണുകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ബാരി-ബ്രാഹ്മണ, ചിലദ്യ, ഗഗ്‌വാള്‍ മേഖലകളിലാണ് ഡ്രോണുകള്‍ കണ്ടത്. സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് മുകളിലും ജമ്മു-പത്താന്‍കോട്ട് ഹൈവേ പരിസരത്തുമാണ് ഡ്രോണുകളെ കണ്ടത്. ബി.എസ്.എഫ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇവ പാകിസ്ഥാന്‍ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞമാസം 27 ന് ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഭീകരര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം ജമ്മുവിലും പരിസരപ്രദേശങ്ങളിലും നിരവധി തവണയാണ് ഡ്രോണുകളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 23 ന് അഖ്നൂര്‍ സെക്ടറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടിരുന്നു.

നേരത്തേ ജമ്മുവിലെ ഹിരാനഗര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപവും ആയുധങ്ങള്‍ ഉണ്ടായിരുന്ന ഡ്രോണ്‍ സൈന്യം തകര്‍ത്തിരുന്നു. ഡ്രോണ്‍ ആക്രമണ ഭീതി കടുത്തതോടെ സൈന്യം പരിശോധന കര്‍ശമാക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞിട്ടുണ്ട്.