ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി

General

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് വ്യത്യസ്ഥ മേഖലകളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയില്‍ മാത്രം 3 ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

സാംബ ജില്ലയില്‍ രാത്രി 8നും 9നും ഇടയിലാണ് രണ്ട് ഡ്രോണുകള്‍ എത്തിയത്. ഇതിന് പിന്നാലെ ഡോമന മേഖലയില്‍ 10 മണിയോട് കൂടി പറക്കുന്ന വസ്തുവിനെ കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മിന്നിക്കത്തുന്ന ലൈറ്റുമായി ഒരു വസ്തു സഞ്ചരിക്കുന്നത് കണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന്റെ വീഡിയോ പ്രദേശവാസിയായ ഒരു യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഏകദേശം 3 മിനിട്ടിനുള്ളില്‍ തന്നെ ഈ വസ്തു അപ്രത്യക്ഷമായെന്ന് യുവാവ് പറഞ്ഞു.

ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷാ സേന വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനവുമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താനുള്ള സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.