കൊച്ചി : റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ കെ ആർ വിശ്വംഭരൻ അന്തരിച്ചു. ഔഷധി ചെയർമാനായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മമ്മൂട്ടി സിനിമയ്ക്കകത്തും പുറത്തും സൂക്ഷിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട സൗഹൃദങ്ങളിലൊന്നാണ് വിശ്വംഭരൻ. അന്തരിച്ച കെ ആർ വിശ്വംഭരൻ ഐഎഎസ് ലോ കോളേജിൽ നടൻ മമ്മൂട്ടിയുടെ സമകാലികനായിരുന്നു, ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, അദ്ദേഹത്തെ ‘ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ മമ്മൂട്ടി നേരിൽ കാണാൻ എത്തിയിരുന്നു. മഹാരാജാസ് കോളേജ് പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാനായും മഹാരാജാസ് പൂവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാവേലിക്കര കുന്നം സ്വദേശി കെ. ആർ. വിശ്വംഭരൻ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റാണ്ട് മുമ്പ് എറണാകുളത്ത് വന്നു. കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡോക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിലും ഗവ. ലോ കോളേജ്, കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിട്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം സർക്കാർ സർവീസിൽ ചേർന്നു, ഫോർട്ട് കൊച്ചി തഹസിൽദാർ, പ്രോട്ടോക്കോൾ ഓഫീസർ, ഫോർട്ട് കൊച്ചി ആർഡിഒ, ആലപ്പുഴ ജില്ലാ കളക്ടർ, ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എംഡി എന്നീ നിലകളിലും പ്രവർത്തിച്ചു. സ്വരലയ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു.