കോപ്പന്‍ഹേഗന്‍ : റഷ്യയ്ക്കെതിരായ യുഎസ് പടനീക്കത്തിന് കരുത്തുപകരാന്‍ സന്നദ്ധതയറിയിച്ച് ഡെന്മാര്ക്ക്. യൂറോപ്പിലെ സൈനിക നീക്കം സുഗമമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിൻറെ ഭാഗമായാണ് ഡെന്മാര്ക്ക് യുഎസിന് സൈനിക താവളം അനുവദിക്കുന്നത്.
വിദേശ സൈനിക താവളം അനുവദിക്കുന്നതിനെതിരായ പതിറ്റാണ്ടുകള്‍ നീണ്ട നയത്തില്‍ നിന്നും വ്യതിചലിച്ചാണ് പുതിയ ഡാനിഷ്-അമേരിക്കന്‍ പ്രതിരോധ സഹകരണ കരാര്‍ രൂപപ്പെട്ടത്. പ്രതിരോധ സഹകരണ വാഗ്ദാനവുമായി നാറ്റോയ്ക്ക് പുറമേ, അമേരിക്കയും ഡെന്മാര്ക്കിലേക്ക് എത്തിയതായി പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന് അറിയിച്ചു.
സഹകരണത്തിൻറെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നിരുന്നാലും, ഡെന്മാര്ക്കില് അമേരിക്കന്‍ സൈനിക താവളം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡെന്മാര്ക്കില് അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കില്ലെന്ന് പ്രതിരോധ മന്ത്രി മോര്‍ട്ടന്‍ ബോഡ്സ്കോവ് പറഞ്ഞു. എന്നാല്‍ സേനയെ വിന്യസിക്കുന്നതെവിടെയെന്ന് വ്യക്തമാക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായില്ല.
നാറ്റോയും അമേരിക്കയും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നവരാണ്. അതിനാലാണ് ജനാധിപത്യവും സ്വാതന്ത്ര്യവും അടക്കമുള്ള മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ യുഎസുമായി ചേര്‍ന്ന് പോരാടിയ നോര്‍ഡിക് രാജ്യം കഴിഞ്ഞ രണ്ട് ദശകങ്ങളായി യൂറോപ്പിലെ വാഷിംഗ്ടണിൻറെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ്. നിലവില്‍ പോളണ്ട്, ജര്‍മ്മനി, റൊമാനിയ എന്നിവിടങ്ങളില്‍ യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.