കോപ്പന്‍ഹേഗന്‍ : കോവിഡ് വാക്സിനേഷന്‍ പദ്ധതി നിര്‍ത്തുന്ന ആദ്യ രാജ്യമായി ഡെന്‍മാര്‍ക്ക് മാറി. വൈറസ് ഇപ്പോള്‍ നിയന്ത്രണത്തിലായതിനാലാണ് ഇത്തരമൊരു നീക്കത്തിന് രാജ്യം തയ്യാറായതെന്നാണ് വിശദീകരണം.
“ഡാനിഷ് ജനസംഖ്യയില്‍ വാക്‌സിന്‍ കവറേജ് കൂടുതലാണ്, പകര്‍ച്ചവ്യാധി മാറിയിരിക്കുന്നു. അതിനാല്‍, ഈ സീസണിലെ കോവിഡ്-19 നെതിരെയുള്ള വിശാലമായ വാക്‌സിനേഷന്‍ ശ്രമങ്ങള്‍ നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് അവസാനിപ്പിക്കുകയാണ്,” നടപടി പ്രഖ്യാപിച്ചുകൊണ്ട് ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
2020ലെ ക്രിസ്മസിന് ശേഷമാണ് ഡെന്‍മാര്‍ക്കിൻറെ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്. ഏകദേശം 4.8 ദശലക്ഷം പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നും, 3.6 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഷോട്ടും നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
“ഒമൈക്രോണ്‍ വേരിയന്റ് ആദ്യതിപത്യം സ്ഥാപിച്ചതിനു ശേഷം നിരവധി ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്, അതായത് ജനസംഖ്യയില്‍ പ്രതിരോധശേഷി ഉയര്‍ന്നതാണ്. പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല നിയന്ത്രണമുണ്ട്, അത് ശമിക്കുന്നതായി തോന്നുന്നു. ആശുപത്രികളിലേക്കുള്ള പ്രവേശന നിരക്കുകള്‍ സ്ഥിരതയുള്ളതായി തുടരുന്നു, അവ ഉടന്‍ കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ആരോഗ്യ അധികൃതര്‍ പറഞ്ഞു.
മെയ് 15 മുതല്‍ വാക്‌സിനുകള്‍ക്കായി ആളുകളെ ക്ഷണിക്കില്ല, എന്നിരുന്നാലും എല്ലാവര്‍ക്കും അവരുടെ വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം, കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്യുന്നത് തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു, പ്രത്യേകിച്ച് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലുള്ളവര്‍ക്ക്. രോഗം പകരാന്‍ കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്ക് രാജ്യത്ത് നാലാമത്തെ വാക്‌സിന്‍ ഡോസിന് അര്‍ഹതയുണ്ട്.
പകര്‍ച്ചവ്യാധിയുടെ വികസനം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, ആവശ്യമായി വന്നാല്‍ പൊതുവായ വാക്‌സിനേഷന്‍ പ്രോഗ്രാം പുനരാരംഭിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.