ന്യൂഡല്‍ഹി: ചെങ്കോട്ടക്ക് മുന്നില്‍ ഷിപ്പിങ് കണ്ടയ്നറുകള്‍ നിരത്തി ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കൂടുതല്‍ സുരക്ഷയൊരുക്കാനാണ് പൊലീസ് നടപടി. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആളുകള്‍ റെഡ്ഫോര്‍ട്ടിലേക്ക് പ്രവേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കൂടുതല്‍ സുരക്ഷയൊരുക്കുന്നതെന്നാണ് പൊലീസ് വാദം.
കണ്ടയ്നറുകള്‍ പെയിന്‍റടിച്ച് ഭംഗിയാക്കുമെന്നും പൊലീസ് അറിയിച്ചു. സമീപകാലത്ത് ജമ്മുകശ്മീരില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെത്തിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. നേരത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയും പൊലീസിന് ലഭിച്ചിരുന്നു.