ന്യൂഡൽഹി : പ്രശസ്ത ബോളിവുഡ് ഗായകന് കെ കെ(കൃഷ്ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കെ കെ മരിച്ചത്. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സംഗീത പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി ഇന്ന് രേഖപ്പെടുത്തും.
ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 5 തവണ ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോൻറെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968 -ലാണ് കെകെയുടെ ജനനം.