ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡി കോക്ക്

Africa Entertainment Sports

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ക്വിന്റന്‍ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെയാണ് സൂപ്പര്‍ താരത്തിൻറെ പ്രഖ്യാപനം. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു 29 കാരനായ ഡികോക്ക് അറിയിച്ചിരിക്കുന്നത്.

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഡി കോക്കിൻറെ വിരമിക്കല്‍ വിവരം പുറത്ത് വിട്ടത്. ടെസ്റ്റില്‍ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും ഏകദിനത്തിലും ടി20 യിലും തുടരുമെന്നും താരം അറിയിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അതേ ഗ്രൗണ്ടില്‍ അവസാന മത്സരവും കളിച്ചാണ് ഡി കോക്കിൻറെ മടക്കം.

‘ഒരുപാട് ചിന്തിച്ചാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എൻറെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് എന്നതും ചിന്തിച്ചു. ഇപ്പോള്‍ ഞാനും സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു’ ഡികോക്ക് പറഞ്ഞു.

ഇതുവരെ 54 ടെസ്റ്റുകള്‍ കളിച്ച ഡികോക്ക് 38.82 ശരാശരിയില്‍ 3300 റണ്‍സ് നേടിയിട്ടുണ്ട്. 70.94 ആണ് സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഡികോക്ക് നേടുകയും ചെയ്തു.