ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

Entertainment Headlines Sports

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് പരാജയം. 212 റണ്‍സിൻറെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ നിന്ന വാന്‍ഡര്‍ ഡസന്‍ (75 റണ്‍സ്), ഡേവിഡ് മില്ലര്‍ (64 റണ്‍സ്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

തുടര്‍ച്ചയായ 13 കളികള്‍ ജയിച്ച് ടി20യില്‍ റെക്കോര്‍ഡ് ഇടാനുള്ള ഇന്ത്യന്‍ മോഹങ്ങള്‍ക്കാണ് ആഫ്രിക്കന്‍ തിരിച്ചടിയേറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 211 റണ്‍സെടുത്തത്. 48 പന്തില്‍ 76 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋതുരാജ് 15 ബോളില്‍ 23, ശ്രേയസ് അയ്യര്‍ 27 ബോളില്‍ 36, ഋഷഭ് പന്ത് 16 ബോളില്‍ 29 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 12 ബോളില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ചു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക് (18 പന്തില്‍ 3 ഫോര്‍ അടക്കം 22 റണ്‍സ്), ക്യാപ്റ്റന്‍ ടെംപാ ബാവുമ (8 പന്തില്‍ 2 ഫോറടക്കം 10 റണ്‍സ്) എന്നിവര്‍ നേരത്തെ പുറത്തായി. മൂന്നാനായി ഇറങ്ങിയ ഡൈ്വന്‍ പ്രെട്ടോറിയസ് (13 പന്തില്‍ 4 സിക്‌സും ഒരു ഫോറും അടക്കം 29) തകര്‍ത്തടിച്ചു. പിന്നാലെ വന്നെ വാന്‍ഡര്‍ ഡസന്‍ അഞ്ച് സിക്‌സും ഏഴ് ഫോറും അടക്കം 46 പന്തില്‍ 75 റണ്‍സടിച്ച് പുറത്താകാതെ നിന്നു. മറുവശത്ത് അഞ്ച് സിക്‌സും നാലുഫോറുമായി 31 പന്തില്‍ 64 റണ്‍സെടുത്ത് ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കന്‍ വിജയം എളുപ്പമാക്കി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൻറെ തലേ ദിവസം കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിൻറെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ടി20യില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസിംഗ് ആയിരുന്നു ഇന്നലെ ഡല്‍ഹിയില്‍ നടന്നത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലായി. ഞാറായഴ്ച(ജൂണ്‍ 12)യാണ് അടുത്ത മത്സരം.