ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു, കേരളത്തിലും കേസുകളുടെ എണ്ണത്തില്‍ കുറവ്

Breaking News Covid Health India

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡിൻറെ മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനം കേസുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 31ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമായി കുറഞ്ഞു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനമാണ്.

325 കോവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,11,230 ആയി ഉയര്‍ന്നു. നിലവില്‍ 2,53,729 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. 175.03 കോടി ഡോസ് നൽകിയതോടെ വാക്സിനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണ്.

കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ നിലപാട്. എന്നാൽ ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളും ഒട്ടുമിക്ക നിയന്ത്രങ്ങളിലും നല്ല രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 21 മുതല്‍ കേസുകള്‍ കുറഞ്ഞുവരുന്നതിലാണ് അധിക നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്.

കേരളത്തിലും പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപെടുത്തുന്നു. 7780 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 85,875 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.