ക്രൈം നന്ദകുമാറിന് സര്‍ക്കാര്‍ വിലങ്ങിട്ടു

Breaking News Kerala Politics

കൊച്ചി : ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. മന്ത്രി വീണ ജോര്‍ജിൻറെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിൻറെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

മുഖ്യമന്ത്രി  വിജയ്ൻറെ കടുത്ത എതിരാളിയായ നന്ദകുമാര്‍, അദ്ദേഹത്തിനെതിരെ പുതിയ ആരോപണം ഉയര്‍ന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനെതിരെയുള്ള മറുപടിയാണ് അറസ്റ്റ് എന്നും പറയപ്പെടുന്നു.

നേരത്തെ വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിൻറെ പേരില്‍ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും വോയ്‌സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും നന്ദകുമാറും ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നന്ദകുമാര്‍ ഇത് നിഷേധിച്ചെങ്കിലും സ്വപ്‌നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയില്‍ വച്ച് കണ്ടെന്ന് പിന്നീട് പി.സി.ജോര്‍ജ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയും നല്‍കി.

ക്രൈം നന്ദകുമാറും താനും സ്വപ്‌നയും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് പറഞ്ഞത്. കൊച്ചി പിഡബ്‌ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.