ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ മിതാലി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ മിഥാലി, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് 39-ാം വയസില്‍ അവസാനമിടുന്നത്.
വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ കാലം ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് തുടര്‍ന്ന താരവുമാണ് മിഥാലി. ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിഥാലിയുടെ പേരിലാണ്.
“എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിൻറെ ഭാവിയും ശോഭനമാണ്.ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിലൂടെയാണ് എൻറെ വ്യക്തിത്വ0 രൂപപ്പെട്ടത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിൻറെ രൂപാന്തരണത്തിനായി സംഭാവനകള്‍ നല്‍കാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നു” – മിതാലി കുറിച്ചു.
1999ല്‍, തൻറെ 16-ാ0 വയസ്സിലാണ് മിതാലി രാജ് ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിക്കൊണ്ട് വരവറിയിച്ച മിതാലി, ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിൻറെ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 699 റണ്‍സ്, ഏകദിനത്തില്‍ 7805 റണ്‍സ്, ടി20യില്‍ 2364 റണ്‍സുമാണ് മിതാലി തൻറെ 23 വര്‍ഷം നീണ്ട കരിയറില്‍ നിന്നും നേടിയത്.