സിപിഎം നിയന്ത്രണത്തിലുള്ള പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ എട്ട് കോടിയുടെ ക്രമക്കേട്

Kerala

മലപ്പുറം: മലപ്പുറം ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ എട്ട് കോടിയുടെ ക്രമക്കേട് നടന്നതായി വിവരം. രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്ന് വര്‍ഷം മുന്‍പ് നൂറ് കണക്കിന് ആളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തത്. ജീവനക്കാരാണ് പണം തട്ടിയതെന്ന് ഭരണസമിതിയും, ആറ് കോടി ഭരണസമിതിയുടെ കൊള്ളയാണെന്ന് ജീവനക്കാരും ആരോപിച്ചു.

അതേസമയം എട്ട് കോടിയുടെ ബാധ്യത അടയ്‌ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കി. സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച്‌ നിക്ഷേപകരറിയാതെ പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. ഇതിന് പുറമെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചവരറിയാതെ, മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്.