സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു

Headlines Kerala Politics

കണ്ണൂർ : സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ടീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും ജെയിംസ് മാത്യു പറഞ്ഞു. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അദ്ദേഹം നേരത്തെ തന്നെ തള്ളിയിരുന്നു. ഇന്ന് രാവിലെ ജെയിംസ് മാത്യു വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു ജെയിംസ് മാത്യു. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയി ജയിച്ചിട്ടുണ്ട്. 13ാമത്തേയും, 14ാമത്തേയും നിയമസഭയില്‍ അംഗമായി. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം മുതല്‍ അഖിലേന്ത്യ തലം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ തുടരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ ഒഴിവാക്കുകയായിരുന്നു.

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ജെയിംസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ നല്‍കും. കൃഷി, ബിസിനസ് മേഖലകളിലേക്ക് മാറാനാണ് രാഷ്ട്രീയം വിടുന്നതെന്നാണ് സൂചനകള്‍.