വലേറ്റ : ഒമിക്രോണിനെതിരെ കോവിഡ് വാക്സിനുകള്‍ ഫലപ്രദമാകില്ലെന്ന് മോഡേണ മേധാവിയുടെ മുന്നറിയിപ്പ് രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. അതിനിടെ വിവിധ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള നിയന്ത്രണ നടപടികളും കര്‍ക്കശമാക്കി.
കഴിഞ്ഞ വര്‍ഷത്തേതുപോലെ കര്‍ശനമായ ലോക്ക്ഡൗണുകളും സാമ്പത്തിക മാന്ദ്യവും ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമായി. ഓഹരി വിപണിയിലും അതിൻറെ പ്രതിഫലനമുണ്ടായി. വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും ലോക രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കോവിഡ് വാക്‌സിനുകള്‍ ഡെല്‍റ്റ വേര്‍ഷന് എതിരായതിനാല്‍ ഒമിക്രോണ്‍ വേരിയന്റിനെതിരെ ഫലപ്രദമാകാന്‍ സാധ്യതയില്ലെന്നാണ് മോഡേണ സിഇഒ സ്റ്റീഫന്‍ ബെന്‍സല്‍ വ്യക്തമാക്കിയത്. നിലവിലെ വാക്സിനുകളൊന്നും ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് കരുതുന്നില്ലെന്നും ഇദ്ദേഹം വിശദീകരിച്ചു.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഹോങ്കോംഗ് പ്രവേശന വിലക്ക് കര്‍ശനമാക്കി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇതിനകം നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയത്.
അംഗോള, എത്യോപ്യ, നൈജീരിയ, സാംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഹോങ്കോംഗ് അറിയിച്ചു. കൂടാതെ കഴിഞ്ഞ 21 ദിവസങ്ങളില്‍ ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബല്‍ജിയം, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഇസ്രായേല്‍, ഇറ്റലി എന്നിവിടങ്ങളില്‍ പോയിട്ടുള്ള പ്രവാസികള്‍ക്കും നാളെ മുതല്‍ നഗരത്തില്‍ പ്രവേശനമുണ്ടാകില്ല.