സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ പുനരാരംഭിക്കും

Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ പുനരാരംഭിക്കും. ഇന്നലെ ഒമ്ബത് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

മൂന്ന് ദിവസത്തെ വാക്സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ഇന്നലെ 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിയത്. റീജിണല്‍ കേന്ദ്രങ്ങളിലെത്തിയ വാക്സിന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ സ്വീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് കൊവാക്സിനാകും വിതരണം ചെയ്യുക. നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകും. ഇപ്പോഴെത്തിയ വാക്സിന്‍ നാല് ദിവസത്തേക്ക് ഉണ്ടാകൂയെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

വരും ദിവസങ്ങളിലും കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്. അതേസമയം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസ് 20,000ന് മുകളിലെത്തി. മലപ്പുറത്തും തൃശൂരും സ്ഥിതി ഗുരുതരമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര.ലക്ഷത്തിനടുത്തെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.