ഡബ്ലിന്‍: കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കാനൊരുങ്ങുകയാണ് അയര്‍ലണ്ട്. ഉപ പ്രധാനമന്ത്രി ലിയോ വരദ്കറാണ് രാജ്യം ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി മുന്നോട്ടുപോകേണ്ട സമയമായെന്ന സൂചന നല്‍കിയത്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്ന പ്രതീക്ഷയാണ് വരദ്കര്‍ പങ്കുവെച്ചത്. യൂറോപ്യന്‍ രാജ്യങ്ങളുമായി ഒത്തുപോകുന്ന നിലയിലായിരിക്കും അയര്‍ലണ്ട് റീ ഓപ്പണിംഗ് പ്ലാന്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തോടെ കൂടുതല്‍ നല്ല മാറ്റങ്ങള്‍ അയര്‍ലണ്ടിലുണ്ടാകും. എല്ലാ നിയമനിര്‍മ്മാണങ്ങളും മാര്‍ച്ച് 31 -നാണല്ലോ വരുന്നത്. വേണമെങ്കില്‍ അത് മൂന്ന് മാസത്തേക്ക് നീട്ടാനുമാകും- വരദ്കര്‍ പറഞ്ഞു.
രണ്ട് വര്‍ഷമായി അയര്‍ലണ്ടില്‍ വളരെ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളതെന്ന് വരദ്കര്‍ പറഞ്ഞു. കഴിഞ്ഞ സമ്മറുമായി ഒത്തുനോക്കുകയാണെങ്കില്‍ മുന്‍ വേനല്‍ക്കാലത്ത് യൂറോപ്പിലെ ഏറ്റവും കര്‍ശനമായ നിയമങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. അടുത്ത സമ്മര്‍ അങ്ങനെയാകുമെന്ന് കരുതുന്നില്ലെന്ന് വരദ്കര്‍ പറഞ്ഞു.
ബിസിനസുകള്‍ വീണ്ടും തുറക്കാനും ആളുകള്‍ ജോലിയിലേക്ക് മടങ്ങാനും കഴിയണമെന്നാണ് മന്ത്രി എന്ന നിലയിലും ഒരു പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും ആഗ്രഹിക്കുന്നതെന്നും വരദ്കര്‍ വ്യക്തമാക്കി.
രാജ്യത്തെ പ്രായമായവരും ശാരീരികമായി ദുര്‍ബലരായ ആളുകളുമുള്‍പ്പടെ പ്രത്യേക വിഭാഗങ്ങള്‍ക്ക് വാര്‍ഷിക കോവിഡ് വാക്സിന്‍ ആവശ്യമായി വന്നേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വരദ്കര്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ ഇന്നലെ 10,753 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ച എച്ച്എസ്ഇ വെബ്‌സൈറ്റ് വഴി 4,208 പോസിറ്റീവ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്തു. ഐസിയുവിലെത്തിയ 88 പേരുള്‍പ്പടെ 965 പേരാണ് ആശുപത്രിയിലുള്ളത്.