എല്ലാ കടകളും തുറക്കാനുള്ള തീരുമാനo ; സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റം

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളം സന്ദര്‍ശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഇതിനാെപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിച്ചേക്കും.

രോഗവ്യാപനം കൂടിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തത്തില്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചിരുന്ന ബദല്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിക്കുന്നുണ്ട്.

അടച്ചുപൂട്ടലിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ എന്നാണ് ലോക്ക്ഡൗണിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. എല്ലാ കടകളും കൂടുതല്‍ സമയം തുറന്നുവച്ചാല്‍ തിരക്ക് പരമാവധി ഒഴിവാക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അടച്ചുപൂട്ടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് കേന്ദ്രസര്‍ക്കാറിന് യോജിപ്പില്ല. നിലവിലെ ലോക് ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണത്തിനാെപ്പം വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണക്കാലവുമൊക്കെ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്..

അതേസമയം, കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കണക്കില്‍ ആശങ്കപ്പെടേണ്ടെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്‍റെ അഭിപ്രായം. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച്‌ നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകള്‍ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്നാണ് അദ്ദേഹം പറയുന്നത്.