പാരീസ്: കോവിഡ് വ്യാപന കൊടുമുടിയില്‍ ആശുപത്രികളില്‍ ജീവനക്കാരില്ലാതായതോടെ കോവിഡ് ബാധിതരെയും ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ അനുവദിച്ച് ഫ്രാന്‍സ് സര്‍ക്കാര്‍. ആരോഗ്യ മേഖലയ്ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
യൂറോപ്പില്‍ ഫ്രാന്‍സ് മാത്രമാണ് ഇത്തരത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ നടപ്പാക്കിയത്. കോവിഡ് ബാധിച്ചവരും എന്നാല്‍ രോഗലക്ഷണങ്ങള്‍ കുറവായവരുമായ ആരോഗ്യ പ്രവര്‍ത്തകരോടാണ് സെല്‍ഫ് ക്വാറന്റൈനില്‍ പോകാതെ രോഗികളെ ചികിത്സിക്കുന്നത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം പരമാവധി പരിമിതപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഭക്ഷണ ഇടവേളകളില്‍ മാത്രമേ ഫേയ്സ് മാസ്‌ക് അഴിച്ചുവെക്കാവൂയെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
ഒമിക്രോണ്‍ വേരിയന്റ് വ്യാപനം ഫ്രാന്‍സിലെ ആരോഗ്യ സംവിധാനത്തെയാകെ അട്ടിമറിക്കുകയാണ്. അതിനെ പ്രതിരോധിക്കാനാണ് ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരോട് ജോലിക്കെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നത്.