കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 46,164 പുതിയ കൊവിഡ് കേസുകള്‍ ;607 കൊവിഡ് മരണങ്ങളും , സ്ഥിതി വീണ്ടും മോശമാകുന്നു

Covid

ന്യൂഡല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 46,164 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 607 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 22.7 ശതമാനം വര്‍ദ്ധനയാണ് പുതിയ കൊവിഡ് കേസുകളില്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 3.25 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.36 ലക്ഷം മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരു മാസത്തോളമായി 3 ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 2.58% ടി പി ആര്‍ രേഖപ്പെടുത്തി. 97.63% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 31,445 പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുമ്ബത്തെ ദിവസത്തേക്കാള്‍ 30 ശതമാനം കൂടുതല്‍ ആണിത്. 215 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 19.03 ആണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയില്‍ 5,031 പുതിയ കൊവിഡ് കേസുകളും 216 മരണങ്ങളും ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി.

ഇന്നലെ വരെ രാജ്യത്ത് 60 കോടി ഡോസ് പ്രതിരോധ വാക്‌സീന്‍ വിതരണം ചെയതു. നിലവില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ വാക്‌സീന്‍ വിതരണം ചെയതത് ചൈനയില്‍ മാത്രമാണ്. നിലവിലെ നിരക്കില്‍ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 32% പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരോഗ്യ വിദഗ്ധര്‍ അറിയിച്ചു.