ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

General

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,59,920 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 97.18 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.930 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ 24 മണിക്കൂറില്‍ 14,373 പേര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. അതെ സമയം 36.13 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 14,373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 8,418 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തമിഴ്നാട്ടില്‍ 3,479 ഉം കര്‍ണാടകത്തില്‍ 3,104 ഉം ആന്ധ്രയില്‍ 3042 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതെ സമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ 45 ഓളം ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ന് മുകളിലുള്ള 73 ജില്ലകളില്‍ 61 ശതമാനവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു .