ഡബ്ലിന്‍: കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇതുവരെ യൂറോപ്പിലെ നൂറ് മില്യണിലധികം ആളുകള്‍ക്ക് രോഗബാധയുണ്ടായതായി എ.എഫ്.പിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യൂറോപ്പിലെ 100,074,753 ആളുകള്‍ക്ക് രോഗബാധയുണ്ടായതായാണ് എ.എഫ്.പിയുടെ കണക്കുകള്‍. ലോകത്താകമാനം 288,279,803 ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും എ.എഫ്. പി വ്യക്തമാക്കുന്നു.
കോവിഡിൻറെ ഏറ്റവും പുതിയതും വ്യാപനശേഷി കൂടിയതുമായ ഒമിക്രോണ്‍ വകഭേദം യൂറോപ്പിനെയാകെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലയളിവില്‍ മാത്രം 4.9 മില്യണ്‍ കോവിഡ് കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയടക്കം പതിനേഴോളം രാജ്യങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കഴിഞ്ഞയാഴ്ചയായിരുന്നു.
ഫ്രാന്‍സില്‍ മാത്രം കഴിഞ്ഞയാഴ്ച ഒരു മില്യണിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ പത്തുശതമാനത്തോളമാണ് ഇത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ഇന്‍ഫെക്ഷന്‍ റേറ്റ് ഉള്ള രാജ്യങ്ങളും നിലവില്‍ യൂറോപ്പില്‍ തന്നെയാണ്. ഡെന്‍മാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ഇന്‍ഫെക്ഷന്‍ റേറ്റ്. ഇവിടെ ഒരുലക്ഷം ആളുകള്‍ക്ക് 2045 കേസുകള്‍ എന്ന തോതിലാണ് രോഗബാധ. രണ്ടാമതുള്ള സൈപ്രസില്‍ ഒരു ലക്ഷം രോഗികള്‍ക്ക് 1969 കേസുകള്‍ എന്ന തോതിലാണ് രോഗബാധ. ഒരു ലക്ഷം ആളുകള്‍ക്ക് 1964 രോഗികള്‍ എന്ന തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അയര്‍ലന്റാണ് മൂന്നാമത്.
കോവിഡ് രോഗബാധ കുത്തനെ കൂടുമ്പോഴും മരണസംഖ്യ കുറയുന്നു എന്നതാണ് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യൂറോപ്പിലെ ശരാശരി കോവിഡ് മരണങ്ങള്‍ 3413 ആണ്. തൊട്ടുമുന്‍പത്തെ ആഴ്ചയേക്കാള്‍ 7 ശതമാനത്തിൻറെ കുറവാണ് മരണസംഖ്യയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശരാശരി 5735 കോവിഡ് മരണങ്ങളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതും യൂറോപ്പിന് ആശ്വസിക്കാവുന്ന കാര്യമാണ്. യൂറോപ്പിലെ 61 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും, 65 ശതമാനം ആളുകളും ഭാഗികമായും വാക്‌സിന്‍ സ്വീകരിച്ചവരുമാണ്.