ഡബ്ലിന്‍ : എത്തുംപിടിയുമില്ലാതെ കുതിയ്ക്കുന്ന കോവിഡിനെ വരുതിയിലാക്കാന്‍ കര്‍ശന നടപടികള്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി. കോവിഡ് ബാധിതരുടെ എണ്ണം പതിനായിരങ്ങളായി പെരുകുന്ന സാഹചര്യത്തിലാണ് മന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയുടെ ജാഗ്രതാ നിര്‍ദ്ദേശം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിസിആര്‍, ഹോം ആന്റിജന്‍ ടെസ്റ്റുകളിലൂടെ 40,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും അണുബാധകളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവരുന്നില്ല. മാരക ശേഷിയുള്ള ബിഎ2 വേരിയന്റാണ് രാജ്യമാകെ പടരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എച്ച്.എസ്.ഇ മേധാവി പോള്‍ റീഡും കോവിഡ് വ്യാപനത്തിനെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
1,600 -ലധികം കോവിഡ് രോഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരില്‍ പകുതിയാളുകള്‍ക്ക് മാത്രമേ കോവിഡ് ലക്ഷണങ്ങളുള്ളു. ബാക്കിയുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല. ഇതാണ് യഥാര്‍ഥ സമ്മര്‍ദ്ദമെന്ന് റീഡ് പറഞ്ഞു.
പിസിആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയിലൂടെ ദിവസവും 10,000 മുതല്‍ 15,000 വരെ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ അതിൻറെ പല മടങ്ങ് വലുതാണ്. ഈ ആഴ്ചയില്‍ ലക്ഷക്കണക്കിന് പുതിയ കോവിഡ് കേസുകളുണ്ടാകുമെന്നും പോള്‍ റീഡ് വ്യക്തമാക്കി.