ന്യൂഡൽഹി : ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് കെടുതികളാല്‍ മാസങ്ങളായി വലഞ്ഞ ഇന്ത്യക്കാര്‍ ഒടുവില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ജീവിതം പഴേ പടി ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും വീണ്ടും താണ്ഡവമാടാന്‍ എത്തിയിരിക്കുകയാണ് കൊറോണ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. 24 മണിക്കൂറിനിടെ 2067 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 12,340 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ബാക്ക്ലോഗ് മരണങ്ങള് ഉള്‍പ്പടെ 40 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 186.90 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, മിസോറാം എന്നീ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി.
ഡല്‍ഹിയില്‍ 632 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 11 നും 18 നും ഇടയില്‍ പോസിറ്റിവിറ്റി നിരക്കില്‍ ഏകദേശം മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും.
അതേസമയം രാജ്യത്ത് കോവിഡ് നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിൻറെ ഫലമായാണ് ഡല്‍ഹി, യുപി എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നത്. ഇത് ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് മാറിപ്പോള്‍ ഉണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.