അയര്‍ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു

Breaking News Covid Europe

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തിലും അയര്‍ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കോവിഡ് ബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണവും ഐസിയുവിലാകുന്നവരുടെ കണക്കും ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തുവരുന്നത്. ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതിൻറെ സൂചനയാണ് ആതുരസേവന മേഖലയില്‍ നിന്നും ലഭിക്കുന്നത്.

ഇന്നലെ 610 പേര്‍ മാത്രമാണ് ആശുപത്രിയില്‍ കോവിഡ് ബാധിതരായി കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20 പേരുടെ കുറവാണിത്. കഴിഞ്ഞ ഡിസംബര്‍ 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണിത്. അന്ന് 568 പേരാണ് ചികില്‍സയിലുണ്ടായിരുന്നത്.

ജനവുരി10 -ലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികില്‍സ തേടിയത്, 1063 പേര്‍. അതിൻറെ 43% മാത്രമേ ഇപ്പോള്‍ ആശുപത്രിയിലുള്ളുവെന്നത് വലിയ ആശ്വാസകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കഴിഞ്ഞയാഴ്ച ഇതേ ദിവസം 708 പേരും അതിനുമുമ്പത്തെ ആഴ്ചയില്‍ 896 പേരുമാണ് ചികില്‍സിയിലുണ്ടായിരുന്നതെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഐസിയു രോഗികളുുടെ എണ്ണവും കുറയുകയാണ്. നിലവില്‍ ഐസിയുവില്‍ 63 രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലത്തേക്കാള്‍ രണ്ട് പേരുടെ കുറവാണുള്ളത്. രണ്ടാഴ്ച മുമ്പ് ഇത് 90 പേരായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ (60) രോഗികള്‍ ഐസിയുവിലെത്തിയത്.

വൈറസ് ബാധ കുറയുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനയില്‍ കുറവ് വരുത്തുന്നത് ചര്‍ച്ചയായിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ പരിശോധനകള്‍ പിന്‍വലിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ എച്ച്എസ്ഇ ക്ലിനിക്കല്‍ ലീഡ് പ്രൊഫസര്‍ മാര്‍ട്ടിന്‍ കോര്‍മികന്‍ പറഞ്ഞു. അതിനിടെ രാജ്യത്ത് ഇന്നലെ ആന്റിജന്‍ ടെസ്റ്റിലൂടെ 6,814 പേര്‍ക്കും പിസിആറിലൂടെ 6,061 ആളുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.